കേന്ദ്രത്തില്‍ ബി.ജെ.പി ഒറ്റസീറ്റില്‍ ഒതുക്കാന്‍ നോക്കി; ബീഹാറില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് നിതീഷ് കുമാര്‍
India
കേന്ദ്രത്തില്‍ ബി.ജെ.പി ഒറ്റസീറ്റില്‍ ഒതുക്കാന്‍ നോക്കി; ബീഹാറില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 2:52 pm

 

പാട്‌ന: ബീഹാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച് നിതീഷ് കുമാര്‍. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രം മാറ്റിവെച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചത്.

പുതിയ മോദി സര്‍ക്കാറില്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം മാത്രം ജെ.ഡി.യുവിന് നല്‍കിയതിന് പ്രതികാര നടപടിയെന്നോണമാണ് നിതീഷിന്റെ നീക്കം.

എട്ട് ജെ.ഡി.യു നേതാക്കളെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പിക്ക് ഒരു സീറ്റാണ് മാറ്റിവെച്ചത്. അതില്‍ അംഗത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഭാവിയിലും മോദി സര്‍ക്കാറിന്റെ ഭാഗമായി നില്‍ക്കില്ലെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി രാവിലെ പറഞ്ഞിരുന്നു. ഒരു സീറ്റുമാത്രമാണ് ബി.ജെ.പി ഞങ്ങള്‍ക്കു മാറ്റിവെച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ ബി.ജെ.പിയുമായി ഒരു ചര്‍ച്ചകള്‍ക്കും തയ്യാറല്ല. ബീഹാര്‍ തെരഞ്ഞെടുപ്പു വേളയില്‍ പോലും. കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി ഞങ്ങളുണ്ടാവില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കേന്ദ്രമന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ഒരു ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിസ്ഥാനവും ഒരു മന്ത്രിസ്ഥാനവും ലഭിക്കുമെന്നായിരുന്നു ജെ.ഡി.യു പ്രതീക്ഷ. എന്നാല്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം മാത്രമാത്രമാണ് ബി.ജെ.പി ജെ.ഡി.യുവിന് വാഗ്ദാനം ചെയ്തത്.

കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മെയ് 29ന് നിതീഷ് കുമാര്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയും മുന്‍ ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായെ കണ്ടിരുന്നു. ജെ.ഡി.യു മന്ത്രിസഭയുടെ ഭാഗമായിരിക്കില്ലയെന്നാണ് യോഗത്തിനുശേഷം നിതീഷ് കുമാര്‍ പറഞ്ഞത്.

സഖ്യത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും മന്ത്രിസഭയില്‍ ചേരേണ്ടെന്ന് തീരുമാനിച്ചത് ജെ.ഡി.യുവിന് നാമമാത്രമായ പ്രാതിനിധ്യം മാത്രം നല്‍കിയതിനാലാണെന്നും നിതീഷ് വിശദീകരിച്ചിരുന്നു.

എം.പിമാരുടെ എണ്ണത്തിന് ആനുപാതികമായ അംഗീകാരം ലഭിക്കണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ബീഹാറില്‍ 17 സീറ്റുകളില്‍ വീതമാണ് ബി.ജെ.പിയും ജെ.ഡി.യുവും മത്സരിച്ചത്. മത്സരിച്ച 17 സീറ്റുകളിലും ബി.ജെ.പി ജയിച്ചപ്പോള്‍ 16 സീറ്റുകളില്‍ ജെ.ഡി.യു വിജയം നേടി.