പട്‌ന: ബിഹാറില്‍ നീണ്ട കാലത്തെ എന്‍.ഡി.എയോടൊപ്പമുള്ള സഹവാസം അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്). രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി എം.പിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം നടന്നതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. ഇതോടെ ബിഹാറില്‍ ജെ.ഡി.യു- ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന.
16 സീറ്റുള്ള പ്രതിപക്ഷത്തിന് ജെ.ഡി.യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാനാകും. അങ്ങനെയെങ്കില്‍ എന്‍.ഡി.എ 82 സീറ്റിലേക്കൊതുങ്ങും. കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം, സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുമായുള്ള വിയോജിപ്പ്, ജാതി സെന്‍സസ്, അഗ്‌നിപഥ് പദ്ധതി തുടങ്ങിയവയാണ് ബി.ജെ.പി -ജെ.ഡി.യു ബന്ധം വഷളാക്കിയത്. ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഇടത് നേതാക്കളും നിതീഷ് കുമാറിനെ അറിയിച്ചിരുന്നു.
അതേസമയം നീതീഷ് കുമാറിന്റെ രാജിയ്‌ക്കെതിരേയും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ വാദം.
ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ ബിഹാര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍
യോഗം ചേരുന്നുണ്ട്. തേജസ്വി യാദവാണ് പാര്‍ട്ടിയുടെ തലവന്‍.
തേജസ്വി യാദവും 2017ലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയും, ജെ.ഡി.യു, കോണ്‍ഗ്രസ് തുടങ്ങിയവയുടെ സഖ്യസര്‍ക്കാരായിരുന്നു 2017ല്‍ ബിഹാര്‍ ഭരിച്ചിരുന്നത്. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടി നിതീഷ് തേജസ്വിക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ ബി.ജെ.പിയിലെത്തിയത്.
മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയ ബി.ജെ.പി പദ്ധതി ബിഹാറിലും ആവര്‍ത്തിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ തീരുമാനമെന്നും ഇതിനാലാണ് നിതീഷ് കുമാര്‍ പാര്‍ട്ടി വിടുന്നതെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
Content Highlight: Nitish kumar ended up ties with bjp, might create coalition government in bihar