| Saturday, 1st June 2019, 10:00 am

മോദി മന്ത്രിസഭയില്‍ ഇനി ചേരില്ല; സര്‍ക്കാരില്‍ മാന്യമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ ഇനി ഭാഗമാവില്ലെന്ന് ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ബി.ജെ.പി നേതൃത്വം സഖ്യകക്ഷികള്‍ക്ക് പ്രതീകാത്മക പ്രാതിനിധ്യം മാത്രം കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും എം.പിമാരുടെ എണ്ണത്തിന് ആനുപാതികമായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ദല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ സഖ്യകക്ഷികള്‍ക്ക് മാന്യമായ പ്രാതിനിധ്യം സര്‍ക്കാരില്‍ വേണമെന്ന് ഞാന്‍ അമിത് ഷായോടും ഭൂപേന്ദര്‍ യാദവിനോടും പറഞ്ഞിരുന്നു. പക്ഷെ എന്റെ നിര്‍ദ്ദേശം ഇരുവരും തള്ളിക്കളഞ്ഞു.’

ലോക്‌സഭയില്‍ 16 എം.പിമാരുള്ള ജെ.ഡി.യുവിന് മറ്റ് സഖ്യകക്ഷികള്‍ക്ക് സമാനമായി ഒരു മന്ത്രിസ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്‍.ഡി.എയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള മൂന്നാമത്തെ പാര്‍ട്ടിയാണ് ജെ.ഡി.യു.

‘ഞങ്ങള്‍ക്ക് ആനുപാതികമായ സ്ഥാനമാണ് വേണ്ടത്. ബി.ജെ.പിയുടെ ഒരു മന്ത്രിസ്ഥാനം എന്ന വാഗ്ദാനം പാര്‍ട്ടി യോഗത്തില്‍ എല്ലാ അംഗങ്ങളും തള്ളിക്കളയുകയായിരുന്നു.’

ഭാവിയില്‍ ഇനി മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടായാലും സ്വീകരിക്കേണ്ടെന്നാണ് ജെ.ഡി.യുവിന്റെ തീരുമാനം.

‘മന്ത്രിസഭയുടെ ആരംഭത്തില്‍ ക്ഷണമില്ലെങ്കില്‍ പിന്നീട് സര്‍ക്കാരിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമില്ല. ഇനി ക്ഷണിച്ചാലും പോകില്ല. അതേസമയം എന്‍.ഡി.എയോടും ബി.ജെ.പിയോടുമൊപ്പം ഉറച്ചുനില്‍ക്കും’- നിതീഷ് കുമാര്‍ പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more