| Saturday, 24th October 2020, 7:14 pm

പോയി അച്ഛനോടും അമ്മയോടും ചോദിക്കൂ, അഴിമതിയല്ലാതെ ബീഹാറിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന്; തേജസ്വിക്കെതിരെ നിതീഷിന്റെ ഒളിയമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍.ജെ.ഡിയും ജെ.ഡി.യുവും തമ്മിലുള്ള പോര് മുറുകുന്നു. പ്രചരണ റാലികള്‍ക്കിടെ ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവും പരസ്പരം പഴിചാരുകയാണ്.

ഏറ്റവും ഒടുവില്‍ നിതീഷ് കുമാര്‍ തേജസ്വിക്കെതിരെ വ്യക്തിപരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

ബീഹാറിന്റെ വികസനത്തിന് വേണ്ടി തേജസ്വി യാദവിന്റെ അച്ഛന്‍ ലാലു പ്രസാദ് യാദവ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് നിതീഷ് ചോദിച്ചതായാണ് റിപ്പോര്‍ട്ട്.

‘നിങ്ങളുടെ അച്ഛനോടോ അമ്മയോടോ അവസരം ലഭിക്കുമ്പോള്‍ ഏതെങ്കിലും സ്‌കൂളുകളോ കോളേജുകളോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിക്കുക … അല്ലെങ്കില്‍ അനധികൃതമായി ലാഭം ഉണ്ടാക്കുകയായിരുന്നോ എന്ന്’, നിതീഷ് കുമാര്‍ പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇത് ലാലുവിനെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തുന്നത്.

കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിനെതിരെ പേരുപറയാതെയായിരുന്നു നിതീഷ് യോഗത്തില്‍ വിമര്‍ശനം നടത്തിയത്.

‘മറ്റ് ആളുകള്‍ക്ക് ഭരിക്കാന്‍ അവസരം ലഭിച്ചു. അവര്‍ എന്താണ് ചെയ്തത്? ഒരു സ്‌കൂളോ കോളേജോ നിര്‍മ്മിച്ചിട്ടുണ്ടോ? നിങ്ങളുടെ പിതാവിനോടോ അമ്മയോടോ ചോദിക്കുക? ഒരു സ്‌കൂളുണ്ടോ? ഇക്കാലമത്രയും ഒരു കോളേജ് നിര്‍മ്മിച്ചോ? യോഗത്തില്‍ തടിച്ചുകൂടിയ ആളുകളോട് നിതീഷ് കുമാര്‍ ചോദിച്ചു.

ഭരണം നടത്തി, പണം സമ്പാദിച്ച് ജയിലില്‍ പോയി … ഭാര്യയെ കസേരയില്‍ ഇരുത്തി. ഇതാണ് ബീഹാറില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇന്ന്, എന്റെ സര്‍ക്കാരില്‍, ആരെങ്കിലും തെറ്റ് ചെയ്താല്‍ … നിയമം ലംഘിക്കുന്ന ആരെങ്കിലുമുണ്ടായാല്‍ അയാള്‍ നേരെ അകത്തേക്ക് (ജയിലിലേക്ക്) പോകും, ?” നീതീഷ് കുമാര്‍ പറഞ്ഞു.

ലാലു പ്രസാദ് യാദവിനെ പരോക്ഷമായി വിമര്‍ശിച്ച് നേരത്തേയും നിതീഷ് രംഗത്തെത്തിയിരുന്നു.

ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തേജസ്വി യാദവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു നിതീഷ് കുമാര്‍ ലാലുവിനെ പരിഹസിച്ച് രംഗത്തെത്തിയത്.

10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം.

Content Hilights: Nitish Kumar  against Lalu  Prasad Yadhav

We use cookies to give you the best possible experience. Learn more