| Sunday, 10th January 2021, 5:50 pm

തോറ്റവര്‍ ജയിച്ചവരെ പോലെ തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കണം; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജനതാദള്‍ സ്ഥാനാര്‍ത്ഥികളോട് തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍. തങ്ങളുടെ മണ്ഡലങ്ങളില്‍ തോറ്റാലും ജയിച്ചാല്‍ ചെയ്യുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് പ്രവര്‍ത്തകരോട് നിതീഷ് കുമാര്‍ പറഞ്ഞത്.

‘പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ജയിച്ചാലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കണം. ബീഹാര്‍ സര്‍ക്കാര്‍ ഉറപ്പായും അഞ്ച് വര്‍ഷക്കാലം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും,’ നിതീഷ് കുമാര്‍ അണികളോട് പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ആദ്യ ദിനത്തില്‍ ബോഗാ സിംഗ് അടക്കമുള്ള നിരവധി നേതാക്കള്‍ തങ്ങളുട തോല്‍വിക്ക് കാരണം ബിജെപിയാണെന്ന് പറഞ്ഞിരുന്നു.

ബി.ജെ.പി തങ്ങളെ മനപൂര്‍വ്വം ആസൂത്രണം ചെയ്ത് തോല്‍പ്പിച്ചതാണെന്നും ‘എല്‍.ജെ.പി-ബി.ജെ.പി ഭായ് ഭായ്’ എന്ന മുദ്രാവാക്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉടനീളം കേട്ടിരുന്നു. ജെ.ഡി.യു പരാജയപ്പെടാന്‍ കാരണം ഇതാണെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ബോഗോ സിംഗ് പറഞ്ഞു.

മീറ്റിംഗില്‍ തനിക്ക് മുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും എന്നാല്‍ താന്‍ ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രത്തിലാണെന്നുമായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

അതേസമയം ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നവകാശപ്പെട്ട് ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു.

ആര്‍.ജെ.ഡി നേതാവ് ശ്യാം രാജക് വീഡിയോയിലൂടെയാണ് ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്.

അവര്‍ക്ക് രാഷ്ട്രീയ ജനതാദളുമായി ബന്ധമുണ്ടെന്ന് മാത്രമല്ല പാര്‍ട്ടിയില്‍ ചേരാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ശ്യാം രാജക് പറഞ്ഞിരുന്നു.

തങ്ങള്‍ക്ക് ഏതു നിമിഷവും സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനാണ് ആര്‍.ജെ.ഡി കാത്തിരിക്കുന്നതെന്നും ശ്യാം പറഞ്ഞു.

നിയമ പ്രകാരം പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ 25 മുതല്‍ 26 വരെ എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം വേണം.അതിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

തങ്ങളുടെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ പാര്‍ട്ടിക്കൊപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് നിഷേധിച്ച് നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.

ആര്‍.ജെ.ഡിയുടെ അവകാശ വാദത്തിന് പിന്നാലെ ബീഹാറില്‍ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തോറ്റ എം.എല്‍.എ മാരോടും അതത് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിതീഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nitish Kumar advises party workers for working together and assures they complete 5 years

We use cookies to give you the best possible experience. Learn more