|

ഒരുമിച്ച് നിന്നാല്‍ ബി.ജെ.പി നൂറ് സീറ്റ് പോലും തികയ്ക്കില്ല, തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്: നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: 2024ലെ പാര്‍ലമെന്റ് ഇലക്ഷന്‍ മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തിന് ആഹ്വാനം ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ വരുന്ന ഇലക്ഷനില്‍ ബി.ജെ.പി നൂറക്കം പോലും കടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാറിലെ പൂര്‍ണിയയില്‍ വെച്ച് നടത്തിയ മഹാഘഡ്ബന്ധന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തിപ്പോള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

‘കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനിന്ന് വരാന്‍ പോകുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ബി.ജെ.പി നൂറ് സീറ്റ് പോലും തികക്കാന്‍ പോവുന്നില്ല. പക്ഷെ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്.

നിങ്ങള്‍ എന്റെ നിര്‍ദേശം അംഗീകരിച്ചാല്‍ കാവിപ്പടയെ നമുക്ക് നൂറിനുള്ളില്‍ ഒതുക്കാന്‍ പറ്റും. ഇനി അങ്ങനെയല്ലെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ?

പ്രതിപക്ഷ ഐക്യം സാധ്യമാവാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ബി.ജെ.പിയെ ഈ രാജ്യത്ത് നിന്നും തുടച്ച് നീക്കലാണ് എന്റെ ലക്ഷ്യം,’ നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം റായ്പൂരില്‍ വെച്ച് നടന്ന കോണ്‍ഗ്രസിന്റെ 85ാം പ്ലീനറി സമ്മേളനത്തിനിടെ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ തുറന്ന ചര്‍ച്ചകള്‍ നടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സമാന ആശയം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് വിശാല സഖ്യം രൂപീകരിക്കാനായി അണിയറയില്‍ നടപടികള്‍ ആരംഭിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മേഘാലയയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഇലക്ഷനിലും വമ്പിച്ച പ്രചരണ പരിപാടികളാണ് ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്നത്. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നേരിട്ട് സംസ്ഥാനത്തെത്തിയാണ് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 27നാണ് മേഘാലയയില്‍ പൊതു തെരഞ്ഞെടുപ്പ്.

Content Highlight: Nitish kumar addressing Mahagatbandhan rally