| Saturday, 27th May 2023, 1:23 pm

അധികാരത്തിലിരിക്കുന്നവര്‍ ചരിത്രത്തെ മാറ്റി എഴുതുന്നു; പുതിയ പാര്‍ലമെന്റിന്റെ ആവശ്യമെന്തായിരുന്നു? നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പുതിയ പാര്‍ലമെന്റിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തിലിരിക്കുന്നവര്‍ ഇന്ത്യന്‍ ചരിത്രത്തെ മാറ്റി എഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ പാര്‍ലമെന്റിന്റെ ആവശ്യമെന്തായിരുന്നു. ആദ്യത്തെ പാര്‍ലമെന്റ് കെട്ടിടം ചരിത്രപരമാണ്. ഇന്നത്തെ നീതി ആയോഗ് യോഗത്തിലോ നാളെത്തെ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിലോ പങ്കെടുക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. നിതീഷ് കുമാര്‍ പറഞ്ഞു.

അധികാരത്തിലിരിക്കുന്നവര്‍ ഇന്ത്യന്‍ ചരിത്രത്തെ മാറ്റി എഴുതുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് നിതീഷിന്റെ വിമര്‍ശനം.

‘ഇപ്പോഴത്തെ പാര്‍ലമെന്റ് ചരിത്രത്തിന്റെ ഭാഗമായിരുന്നു. എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ പെട്ടെന്ന് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാരണം അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിയെഴുതണം,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഏറെ ബഹുമാനിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജെ.ഡി.യു നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ‘ഒരു വ്യക്തിയെ, രാജ്യത്തിനും, ഭരണഘടനക്കും നിയമനിര്‍മാണത്തിനും മുകളില്‍ പ്രതിഷ്ഠിക്കുന്ന’ പ്രോട്ടോകോള്‍ ലംഘനമാണെന്ന് നിതീഷ് പറഞ്ഞു.

നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം പങ്കെടുക്കില്ലെന്ന് പറഞ്ഞ് അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് പിന്നാലെ ബഹിഷ്‌കരണവുമായി ഭഗവന്ത് മന്നും ചന്ദ്രശേഖര റാവുവും രംഗത്തെത്തുകയായിരുന്നു.

കേന്ദ്രം സഹകരണ ഫെഡറലിസത്തിന്റെ തത്വം അവഗണിക്കുന്നുവെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ ഇടപെടുന്നതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്നും ഉന്നയിച്ചാണ് തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്ന് സോഴ്സ് ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

CONTENTHIGHLIGHT: Nitish klumar question neer for new parliament

We use cookies to give you the best possible experience. Learn more