പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ആശയക്കുഴപ്പത്തിലായി ജെ.ഡി.യു. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുമ്പോഴും പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബി.ജെ.പി ആവശ്യപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ദീപാവലിക്ക് ശേഷം സര്‍ക്കാര്‍ അധികാരമേറ്റെടുമെന്നും എന്നാല്‍ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം നിലവില്‍ ആയിട്ടില്ലെന്നുമാണ് ബി.ജെ.പിയിലെ ചില നേതാക്കള്‍ പ്രതികരിച്ചത്. സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക ബി.ജെ.പിയായിരിക്കുമെന്ന സൂചനയും ഇദ്ദേഹം നല്‍കി.
എന്നാല്‍ സീറ്റുകള്‍ കുറഞ്ഞതുകൊണ്ടുമാത്രമാണ് ഇത്തരമൊരു തീരുമാനം ബി.ജെ.പി നേതൃത്വം എടുക്കുന്നതെന്നാണ് ജെ.ഡി.യുവിലെ ചില നേതാക്കള്‍ പറയുന്നത്.
ബീഹാര്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇന്നലെ മാത്രമാണ് ഒരു പ്രതികരണത്തിന് നിതീഷ് കുമാര്‍ തയ്യാറായത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നിതീഷ് കുമാര്‍ പ്രതികരണം നടത്താത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.ഡി.എയുടെ വിജയത്തിന് പൂര്‍ണ അവകാശികള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത ജനങ്ങളാണെന്ന് പറഞ്ഞ് നിതീഷ് കുമാര്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിതീഷ് നന്ദി പറഞ്ഞിരുന്നു.
ബീഹാറിലെ ഫല പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും നിതീഷ് കുമാര്‍ ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണം നടത്തിയിട്ടും ബി.ജെ.പി വിജയാഘോഷവുമായി രംഗത്തെത്തിയപ്പോഴും ജെ.ഡി.യുവിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമില്ലാത്തത് ചര്‍ച്ചകള്‍ വഴിയൊരിക്കിയിരുന്നു. സഖ്യത്തില്‍ നിതീഷിന് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ നിതീഷിനെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തോടൊപ്പം ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രത്യയശാസ്ത്രം നിങ്ങള്‍ കൈവിടണമെന്നും തേജസ്വിയ്ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടത്.
ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ബി.ജെ.പി നല്‍കുന്ന മുഖ്യമന്ത്രി സ്ഥാനം നിതീഷ് സ്വീകരിച്ചാലും ബി.ജെ.പിയില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nitish gets only chair: BJP demands key portfolios