ആറ് മാസങ്ങള്‍ക്ക് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് ഇപ്പോഴേ ഒരുക്കങ്ങള്‍ നടത്തുകയാണ് ബീഹാറില്‍ വിവിധ കക്ഷികള്‍. മൂന്ന് യുവ നേതാക്കളാണ് തെരഞ്ഞെടുപ്പിന്റെ മുഖങ്ങളായി ബീഹാര്‍ തെരഞ്ഞെടുപ്പിനെ പ്രതിനിധീകരിക്കുന്നത്, തേജസ്വി യാദവ്, കനയ്യ കുമാര്‍, ചിരാഗ് പസ്വാന്‍.
തെരഞ്ഞെടുപ്പ് പ്രചാരത്തിന് പല പുതിയ രീതികളും പരീക്ഷിക്കുന്ന ഈ കാലത്ത് അല്‍പം പഴയ ഫോര്‍മുല ഉപയോഗിച്ചാണ് ഇവര്‍ മൂന്നുപേരും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയില്‍ സജീവമായിരിക്കുന്നത്. റോഡ് ഷോകളിലും റാലികളിലുമാണ് മൂവരും തുടക്കത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഫെബ്രുവരി 23 മുതല്‍ ‘ബെറോജ്ഗരി യാത്ര’ തുടങ്ങുകയാണ്. ലോക് ജനശക്തി പാര്‍ട്ടി(എല്‍.ജെ.പി) അധ്യക്ഷന്‍ ചിരാഗ് പസ്വാനാകട്ടെ, ഫെബ്രുവരി 21 മുതല്‍ ‘ബീഹാര്‍ ഒന്നാമത്, ബീഹാറി ഒന്നാമത് യാത്ര’ ആരംഭിക്കും.
സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യ കുമാര്‍ ഒരുപടി മുന്നിലാണ്. ജനുവരി 30 മുതല്‍ കനയ്യ ആരംഭിച്ച ‘ജന്‍ ഗണ്‍ മന്‍ യാത്ര’ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
2005 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍.ജെ.ഡിയുടെ അമരക്കാരന്‍ നിതീഷ് കുമാറാണ് ബീഹാറില്‍ രാഷ്ട്രീയ യാത്രകള്‍ ആദ്യമായി അവതരിപ്പിച്ചത്. അന്ന് തെരഞ്ഞെടുപ്പിന് ശേഷം ബീഹാറില്‍ ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടു.
തുടര്‍ന്നാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആര്‍.ജെ.ഡി സംസ്ഥാനത്തുടനീളം ‘ന്യായ് യാത്ര’ നടത്തിയത്. പിന്നീട് ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് വ്യക്തമായ ഭൂരിപക്ഷം നേടുകയായിരുന്നു.