ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പട്ന: സ്ത്രീകള്‍ക്കെതിരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനു കാരണം പോണ് സൈറ്റുകളാണെന്നു വാദിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍. എല്ലാ പോണ് സൈറ്റുകളെയും നിരോധിക്കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഹൈദരാബാദ് സംഭവത്തിനു പിന്നാലെ ബിഹാറിലെ ബക്സറിലും സമസ്തിപുരിലുമുണ്ടായ ലൈംഗികാക്രമണങ്ങളെക്കുറിച്ചു നോര്‍ത്ത് ബിഹാറില്‍ ജനങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.. ഇതുസംബന്ധിച്ച് താന്‍ ഉടന്‍ കേന്ദ്രത്തിനു കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു മോശം പ്രവണതയ്ക്കാണു സാക്ഷ്യം വഹിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ സംഭവങ്ങള്‍ ഹൈദരാബാദിലും ബിഹാറിലും യു.പിയിലും എല്ലാ സ്ഥലത്തും.. ഞാന്‍ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയുടെയും സാങ്കേതികവിദ്യയുടെ മോശം ഉപയോഗത്തെയും കുറിച്ചു പറഞ്ഞിരുന്നു. അതിന്റെ ഗുണങ്ങളെ തള്ളിപ്പറയുന്നുമില്ല.’- അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആക്രമണം നടത്തിയ ശേഷം അത് വീഡിയോയിലാക്കി അപ്ലോഡ് ചെയ്യുന്നുണ്ട്. ഇതു കാണുന്നവര്‍ സ്വാഭാവികമായും വളരെപ്പെട്ടെന്നു തന്നെ മാറിപ്പോകും. ഇത്തരം കാര്യങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്നു യുവാക്കളോടു ഞാന്‍ ആവശ്യപ്പെടുകയാണ്.’- അദ്ദേഹം പറഞ്ഞു.
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്നതിനു തൊട്ടുപിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രസ്താവന.