കരിയറിലെ നൂറാം മത്സരത്തിനാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് വില്യംസണ്‍ തന്റെ നൂറാം മത്സരം കളിക്കുക.
മാര്‍ച്ച് എട്ടിന് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന മത്സരത്തില്‍ വില്യംസണൊപ്പം ക്യാപ്റ്റന്‍ ടിം സൗത്തിയും തന്റെ നൂറാം മത്സരം കളിക്കും. കരിയറിലെ 50ാം മത്സരം ഒരുമിച്ചു കളിച്ച ഇരുവരും നൂറാം മത്സരവും ഒന്നിച്ചുകളിക്കാന്‍ ഒരുങ്ങുകയാണ്.
കെയ്ന്‍ വില്യസണും നൂറാം മത്സരം കളിക്കുന്നതോടെ ഫാബ് ഫോറിലെ നാല് പേരും ടെസ്റ്റ് കരിയറില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിടും.
എന്നാല്‍ ഇതിലെ യാദൃശ്ചികതയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. നേരത്തെ ഫാബ് ഫോറിലെ വിരാട് കോഹ്‌ലിയും ജോ റൂട്ടും സ്റ്റീവ് സ്മിത്തും തങ്ങളുടെ നൂറാം മത്സരത്തിന് ഇറങ്ങിയപ്പോള്‍ സാക്ഷിയായ ഒരാള്‍ ഇത്തവണ കെയ്ന്‍ വില്യംസണിന്റെ നൂറാം മത്സരത്തിനും സാക്ഷിയാകാന്‍ ഒരുങ്ങുകയാണ്. അമ്പയര്‍ നിതിന്‍ മേനോനാണ് ഈ അപൂര്‍വ നിമിഷത്തിലെ നായകന്‍.
ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മാച്ച് ഒഫീഷ്യലായി ഇന്ത്യന്‍ അമ്പയറെ ഐ.സി.സി തീരുമാനിച്ചതോടെയാണ് ഈ അത്യപൂര്‍വ യാദൃശ്ചികതക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.
(ഈ മാച്ചിലെ എല്ലാ ഒഫീഷ്യല്‍സിന്റെയും പൂര്‍ണ വിവരത്തിനായി ഇവിടെ ക്ലിക് ചെയ്യുക)
ജോ റൂട്ടാണ് ഫാബ് ഫോറില്‍ ആദ്യം നൂറ് ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയത്. 2021ലാണ് ജോ റൂട്ട് തന്റെ നൂറാം ടെസ്റ്റിനിറങ്ങിയത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ചെന്നൈയാണ് താരത്തിന്റെ കരിയര്‍ ഡിഫൈനിങ് മൊമെന്റിന് സാക്ഷ്യം വഹിച്ചത്. അന്ന് അനില്‍ ചൗധരിക്കൊപ്പം നിതിന്‍ മേനോനാണ് മാച്ച് ഒഫീഷ്യേറ്റ് ചെയ്തത്.
ഒരു വര്‍ഷത്തിനിപ്പുറം 2022 മാര്‍ച്ച് നാലിനാണ് വിരാട് കോഹ്‌ലി തന്റെ നൂറാം ടെസ്റ്റ് കളിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൊഹാലിയാണ് വിരാടിന്റെ ചരിത്ര നേട്ടത്തിനാണ് സാക്ഷിയായത്.
നിതിന്‍ മേനോനും വിരേന്ദര്‍ ശര്‍മയും മത്സരം നിയന്ത്രിച്ചപ്പോള്‍ ടി.വി അമ്പയറായി അനില്‍ ചൗധരിയും റിസര്‍വ് അമ്പയറായി ജയരാമന്‍ മദന്‍ഗോപാലും ചുമതലയിലുണ്ടായിരുന്നു. ജവഗല്‍ ശ്രീനാഥായിരുന്നു മാച്ച് റഫറി.