കർഷകർ അസന്തുഷ്ടരെന്ന് ഗഡ്കരി; വീഡിയോ പങ്കുവെച്ച ഖാർഗെക്കും ജയറാം രമേശിനും വക്കീൽ നോട്ടീസ്
national news
കർഷകർ അസന്തുഷ്ടരെന്ന് ഗഡ്കരി; വീഡിയോ പങ്കുവെച്ച ഖാർഗെക്കും ജയറാം രമേശിനും വക്കീൽ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2024, 9:22 am

നാഗ്പൂർ: തന്നെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ വാർത്താ ഉള്ളടക്കം എക്‌സിൽ പോസ്റ്റ്‌ ചെയ്തുവെന്ന ആരോപണത്തിൽ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ജനറൽ സെക്രട്ടറി ജയറാം രമേശിനും വക്കീൽ നോട്ടീസയച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ്‌ ചെയ്ത ഉള്ളടക്കം കാണുകയും കേൾക്കുകയും ചെയ്‌ത തന്റെ കക്ഷി നടുങ്ങിപ്പോയെന്ന് ഗഡ്കരിയുടെ അഭിഭാഷകൻ ബെലേന്ദു ശേഖർ പറഞ്ഞു.

ഗഡ്കരിയുടെ വാക്കുകളുടെ സന്ദർഭം മറച്ചുവെച്ചുകൊണ്ട് ലാലന്റൊപ് വെബ് പോർട്ടലിന് ഗഡ്കരി നൽകിയ അഭിമുഖത്തിൽ നിന്നുള്ള 19 സെക്കന്റ്‌ ദൈർഖ്യമുള്ള വീഡിയോ ക്ലിപ്പ് ഖാർഗെയും രമേശും മനപൂർവം പോസ്റ്റ്‌ ചെയ്യുകയായിരുന്നുവെന്ന് അഭിഭാഷകൻ ആരോപിക്കുന്നു.

പൊതുസമൂഹത്തിനു മുമ്പിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഗഡ്കരിയുടെ പ്രതിച്ഛായ തകർക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് ദുരുദ്ദേശത്തോടെ നടത്തിയ പ്രവർത്തിയാണ് ഇത് എന്ന് നോട്ടീസിൽ പറയുന്നു. ബി.ജെ.പിക്ക് അകത്തു തന്നെയുള്ള ഐക്യം തകർക്കുക എന്നതുമാണ് കോൺഗ്രസ്‌ നേതാക്കളുടെ ഉദ്ദേശമെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്.

‘ഗ്രാമവാസികളും തൊഴിലാളികളും കർഷകരും ഇന്ന് അസന്തുഷ്ടരാണ്. ഗ്രാമങ്ങളിൽ റോഡുകളോ കുടിവെള്ളമോ നല്ല ആശുപത്രികളോ സ്കൂളുകളോ ഇല്ല – നിതിൻ ഗഡ്കരി, മോദി സർക്കാരിലെ ഒരു മന്ത്രി’ എന്ന ഹിന്ദി അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വക്കീൽ നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം എക്‌സിൽ നിന്ന് വീഡിയോ നീക്കം ചെയ്യണമെന്നും മൂന്ന് ദിവസത്തിനകം ഗഡ്കരിയോട് മാപ്പ് എഴുതിനൽകണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.

Content Highlight: Nitin Gadkari sends legal notice to Mallikarjun Kharge, Jairam Ramesh for sharing ‘misleading’ news contents on X