| Wednesday, 19th May 2021, 7:57 am

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ട്, അതൊരു നല്ല കാര്യമല്ല; തുറന്നു സമ്മതിച്ച് നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആളുകള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് ഒരു നല്ല കാര്യമല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് രണ്ടാം രണ്ടാം തരംഗം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായാണ് നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരിക്കുന്നത്.

വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിനിടെയായിരുന്നു അദ്ദേഹം ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതില്‍ തന്റെ രോഷം പ്രകടിപ്പിച്ചത്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ബി.ജെ.പിയോ ഇതുവരെയും തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗമോ മൂന്നാം തരംഗമോ ഉണ്ടാവുകയാണെങ്കില്‍, അതിനെ നേരിടാന്‍ ആശുപത്രികളില്‍ ഓക്‌സിജനുള്ള സൗകര്യമുണ്ടായിരിക്കണമെന്ന് ഗഡ്കരി പറഞ്ഞു. എല്ലാ ആശുപത്രികളെയും ഓക്‌സിജനില്‍ സ്വയം പര്യാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസം തുടക്കത്തില്‍ ഗഡ്കരിയുടെ വകുപ്പിന്റെ കീഴില്‍ വരുന്ന നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിന്റെ ചുമതല ഗഡ്കരി ഏല്‍പ്പിച്ചിരുന്നു. സന്നദ്ധ സംഘടനകളും മത സംഘടനകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സിലിണ്ടറുകള്‍ വിതരണം ചെയ്യാനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടാവുകയും നൂറ് കണക്കിന് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരമായ ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോടതി തന്നെ രംഗത്തുവന്നിരുന്നു.

എന്നാല്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും. ഇതിനെതിരെയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം കൊവിഡ് പ്രതിരോധത്തില്‍ സംഘപരിവാറില്‍ നിന്ന് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ തരംഗത്തിന് ശേഷം ജനങ്ങളും സര്‍ക്കാരുകളും ഭരണകൂടവും അശ്രദ്ധ കാണിച്ചെന്നായിരുന്നു ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്.

‘ഒന്നാം തരംഗത്തിനുശേഷം നമ്മള്‍ എല്ലാവരും അശ്രദ്ധരായി. ആളുകള്‍, സര്‍ക്കാരുകള്‍, ഭരണകൂടം അങ്ങനെ എല്ലാവരും. ഇത് സംഭവിക്കുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നമ്മള്‍ അശ്രദ്ധരായിരുന്നു,’ എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Nitin Gadkari says there was an oxygen shortage in the country

We use cookies to give you the best possible experience. Learn more