| Thursday, 19th December 2024, 10:36 pm

രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ വളര്‍ന്നാല്‍ ജനാധിപത്യവും മതേതരത്വവും അപകടത്തിലാവും: നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ വളര്‍ന്നാല്‍ ജനാധിപത്യവും സോഷ്യലിസവും മതേതരത്ത്വവും അപകടത്തിലാകുമെന്ന്  കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 51 ശതമാനത്തില്‍ മുകളില്‍ പോയാലാണ് ഇപ്രകാരം സംഭവിക്കുക എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകനായ സന്ദേശഭായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ വിവാദ പ്രസ്താവന.

എന്നാല്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് ഒരു ജീവിതരീതിയാണെന്നാണ് മന്ത്രി മറുപടി പറഞ്ഞത്. ഹിന്ദുത്വം ഒരിക്കലും വ്യത്യസ്ത വിശ്വാസങ്ങളുള്ള ആളുകളോട് വിവേചനം കാണിക്കലല്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ചില സാഹചര്യങ്ങളില്‍ പക്വതയില്ലാത്ത ചില രാഷ്ട്രീയക്കാര്‍ വോട്ട് നേടാനുള്ള ഒരു മാര്‍ഗമായി ഇതിനെ ഉപയോഗിച്ചേക്കാം എന്നും മന്ത്രി പറയുകയുണ്ടായി.

ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് മാധ്യമങ്ങളെന്നും ജനങ്ങള്‍ക്ക് ശരിയായ സന്ദേശം നല്‍കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും ഗഡ്കരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശിച്ച കേന്ദ്രമന്ത്രി, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും എടുക്കുന്നില്ലെന്നും പകരം പക്വതയില്ലാത്ത ചില രാഷ്ട്രീയക്കാരുടെ മോശം പരാമര്‍ശങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍ മതപരമായ വിവേചനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരോടും ബഹുമാനത്തോടെ പെരുമാറണമെന്നാണ് ഗഡ്കരി മറുപടി നല്‍കിയത്. ഒരാളെ ജാതിയുടെയോ ലിംഗത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ അല്ല തിരിച്ചറിയുന്നതെന്നും മറിച്ച് ഗുണങ്ങള്‍ കൊണ്ടാണെന്നും ഗഡ്കരി പറഞ്ഞു.

രാജ്യത്ത് ചില പ്രത്യേക മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വീടുകള്‍ വാങ്ങാനോ വില്‍ക്കാനോ വാടകയ്ക്കെടുക്കാനോ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മതനിരപേക്ഷത പാലിക്കാന്‍ നിയമത്തിന് ആളുകളെ നിര്‍ബന്ധിക്കാനാവില്ലെങ്കിലും അവരുടെ സ്വത്ത് ആര്‍ക്ക് വില്‍ക്കണം ആരുടേത് വാങ്ങണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആത്യന്തികമായി ജനങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Nitin Gadkari said that democracy and secularism will be in danger if religious minorities grow in the country

We use cookies to give you the best possible experience. Learn more