| Sunday, 15th September 2024, 10:06 am

ഒരു പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന് മുമ്പേ പ്രധാനമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു: നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ സഖ്യത്തിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വാഗ്ദാനം താന്‍ നിഷേധിച്ചുവെന്നും ഗഡ്കരി പറഞ്ഞു.

പ്രധാനമന്ത്രിയാകുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് അറിയിച്ചാണ് താന്‍ ആ വാഗ്ദാനം നിരസിച്ചതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ മാധ്യമ അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍.

‘ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്ന ആളാണ് ഞാന്‍. സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര കാര്യങ്ങള്‍ തന്ന പാര്‍ട്ടിയിലാണ് ഞാന്‍ ഇപ്പോഴുള്ളത്. ഒരു വാഗ്ദാനത്തിലും ഞാന്‍ വീഴില്ല, ആര്‍ക്കും പ്രലോഭിപ്പിക്കാനും കഴിയില്ല,’ എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.

എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പേര് നിധിന്‍ ഗഡ്കരി വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും പ്രതിപക്ഷ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയുള്ളുമെന്നും തന്നെ സമീപിച്ച നേതാവ് പറഞ്ഞതായും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ ഈ പ്രതിബദ്ധത ഭാവി തലമുറയിലെ മാധ്യമപ്രവര്‍ത്തകരിലേക്ക് പകര്‍ന്ന് നല്‍കണമെന്നും ഗഡ്കരി അവാര്‍ഡ് ചടങ്ങില്‍ പറഞ്ഞു.

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ വിട്ടുവീഴ്ച ചെയ്യുകയാണെന്നും നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തനത്തെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിവരാവകാശ നിയമത്തെ ഉപയോഗിച്ചുവെന്നും കേന്ദ്ര ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് തങ്ങളുടെ തത്വങ്ങള്‍ പാലിക്കുകയും ജയില്‍വാസം നേരിട്ടപ്പോഴും വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകരെ നാം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിനെത്തിയ ഭൂരിഭാഗം സീറ്റുകളിലും ബി.ജെ.പി ഏറ്റുവാങ്ങിയത് ദയനീയ പരാജയമായിരുന്നു.

പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളില്‍ 18 സീറ്റുകളായിരുന്നു 2019ല്‍ ബി.ജെ.പി നേടിയത്. എന്നാല്‍ ഇതില്‍ ആറ് സീറ്റുകളിലും ഇത്തവണ ബി.ജെ.പി പരാജയപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്.

ഇത്തരത്തില്‍ പ്രതീക്ഷിക്കാത്ത സിറ്റിങ് സീറ്റുകള്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നഷ്ടമാകുകയുണ്ടായി. കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബീഹാറിലെ ജെ.ഡി.യുവിന്റെയും ആന്ധ്രാപ്രദേശിലെ ടി.ഡി.പിയുടെയും പിന്തുണ കൊണ്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.

Content Highlight: Nitin Gadkari has said that a senior leader of the opposition alliance approached him with the offer of the post of Prime Minister

We use cookies to give you the best possible experience. Learn more