ന്യൂദല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ ട്രാഫിക് നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിനു മനുഷ്യരെ രക്ഷിക്കാനാണെന്നും വരുമാനം കൂട്ടാനോ ജനപ്രിയ രാഷ്ട്രീയം കളിക്കാനോ അല്ലെന്നും ഗഡ്കരി പറഞ്ഞു.
പിഴ വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
‘ഇത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യമല്ല. ഞങ്ങള്‍ ജനപ്രിയ രാഷ്ട്രീയ കളിക്കുകയാണെന്നു പറയാനാവില്ല. സാധാരണക്കാരുടെ ജീവന്‍ സംബന്ധിച്ച ചോദ്യമാണിത്.
ഒന്നരലക്ഷം ആളുകളാണ് വര്‍ഷം തോറും ഇവിടെ മരിക്കുന്നത്. ഏറ്റവുമധികം (65 ശതമാനം) പേര്‍ മരിക്കുന്നത് റോഡ് അപകടങ്ങളിലാണ്. 18-35 വയസ്സിനിടയിലുള്ള ആളുകളാണ് ഇത്തരത്തില്‍ മരിക്കുന്നത്. അത് ആഭ്യന്തര ഉത്പാദനത്തില്‍ രണ്ടുശതമാനത്തിന്റെ നഷ്ടമുണ്ടാക്കുന്നുണ്ട്.
മക്കളെ നഷ്ടപ്പെട്ട വീട്ടുകാരോട് ഞങ്ങള്‍ക്കൊരു ഉത്തരവാദിത്വവുമില്ലെന്നാണോ? പിഴകള്‍ 30 വര്‍ഷത്തിനുശേഷമാണു വരുന്നത്.’- ഗഡ്കരി പറഞ്ഞു.
‘100 രൂപയ്ക്ക് ഇപ്പോഴെന്താണ് വില? സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഈ പിഴ ലഭിക്കുന്നത്, കേന്ദ്രത്തിനല്ല. ഈ നിയമം കൊണ്ടുവന്നത് വരുമാനം കൂട്ടാനല്ല, ജനങ്ങള്‍ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അവര്‍ നിയമം ലംഘിച്ചില്ലെങ്കില്‍ പിഴ വിധിക്കുകയുമില്ല. ട്രാഫിക് നിയമം പിന്തുടരാത്തതില്‍ ഒരു ന്യായീകരണവുമില്ല.’- അദ്ദേഹം പറഞ്ഞു.
ഇരുപതോളം സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരാണ് ഭേദഗതിയെ അനുകൂലിച്ചതെന്നും ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് ഇതു നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു രാജ്യങ്ങളില്‍ നിന്നു കടമെടുത്തതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയില്‍ ഭേദഗതിയെത്തിയപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുണ്ടാക്കി. എല്ലാ പാര്‍ട്ടി അംഗങ്ങളും അത് പരിശോധിച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് പിഴ കുറയ്ക്കാന്‍ വകുപ്പുണ്ട്. അതില്‍ എനിക്ക് എതിര്‍പ്പുമില്ല. മാധ്യമങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ഇക്കാര്യത്തിലുണ്ട്. ഇതില്‍ ഭയത്തിന്റെ ആവശ്യമില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും ജനങ്ങള്‍ അപേക്ഷിക്കുന്നത് കൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 18 ദിവസത്തിനുള്ളില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് വന്നു.
300 ശതമാനം വര്‍ധനവാണ് മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷയില്‍ കൂടിയത്. ഡ്രൈവിങ് ലൈസന്‍സിനു വേണ്ടിയും ജനങ്ങളുടെ തിരക്ക് കൂടിക്കഴിഞ്ഞു.