| Tuesday, 5th November 2019, 5:33 pm

'ബി.ജെ.പി ഗഡ്കരിയെ തഴയുന്നതെന്തിന്?'; അദ്ദേഹത്തെ ഏല്‍പിച്ചാല്‍ മഹാരാഷ്ട്രയില്‍ രണ്ടുമണിക്കൂറിനുള്ളില്‍ തീരുമാനമാകുമെന്ന് ആര്‍.എസ്.എസിനോട് ശിവസേന പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന അധികാരത്തര്‍ക്കം പരിഹരിക്കാന്‍ ഏറ്റവും പ്രാപ്തനായ വ്യക്തി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരിയാണെന്ന് ശിവസേനയിലെ ആക്ടിവിസ്റ്റ് കിഷോര്‍ തിവാരി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിവാരി സേനയില്‍ ചേര്‍ന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് തിവാരി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് പുലര്‍ത്തുന്ന മൗനം ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഗഡ്കരി ഇടപെട്ടാല്‍ ഇതിന് രണ്ട് മണിക്കൂറിനുള്ളില്‍ പരിഹാരമാവും’, തിവാരി പറഞ്ഞു.

ഗഡ്കരിയെ ബി.ജെ.പി തഴയുകയാണ്. പാര്‍ട്ടിയോ അധ്യക്ഷന്‍ അമിത് ഷായോ പ്രശനത്തിലിടപെടാന്‍ അദ്ദേഹത്തെ നിയോഗിക്കണം. അദ്ദേഹം രണ്ട് മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കും- കത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയോടൊത്ത് സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടത്തി.

എന്‍.സി.പി ശിവസേന നയിക്കുന്ന സര്‍ക്കാരില്‍ ചേരുകയും കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കുകയും ചെയ്യുക, സ്പീക്കര്‍ സ്ഥാനവും ഏറ്റെടുക്കുക എന്നതാണ് എന്‍.സി.പി മുന്നോട്ട് വച്ച ഫോര്‍മുല എന്ന് ഒരു എന്‍.സി.പി നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പക്ഷെ ഇതൊക്കെ നടക്കണമെങ്കില്‍ ആദ്യം ശിവസേന ബി.ജെ.പിയുമായുള്ള ബന്ധം തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കാന്‍ അനുവാദം നല്‍കണമെന്നും ശരത് പവാര്‍ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള പിണക്കം ഗൗരവതരമാണെന്നും പവാര്‍ സോണിയയെ ബോധിപ്പിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more