കേരളത്തോട് വിവേചനം കാണിക്കില്ല; ഭൂമിയേറ്റെടുക്കലിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഗഡ്കരി
Kerala News
കേരളത്തോട് വിവേചനം കാണിക്കില്ല; ഭൂമിയേറ്റെടുക്കലിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഗഡ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2019, 2:46 pm

ന്യൂദല്‍ഹി: കേരളത്തോടു വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുവരും ഒന്നിച്ചാണു മാധ്യമങ്ങളെ കണ്ടത്. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തുവെന്ന് ഗഡ്കരി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ട്. മറ്റ് സംസ്ഥാനങ്ങലെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തില്‍ മൂന്നോ നാലോ മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

‘അതുകൊണ്ട് പദ്ധതികള്‍ സാമ്പത്തികമായി ലാഭകരമല്ല. ഇപ്പോള്‍ രണ്ടുവരി പാതയില്‍ നിന്ന് ആറ് വരിയിലേക്കാണ് മാറുന്നത്. എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് ചര്‍ച്ച ചെയ്തു. ഞങ്ങളുടെ ഭാഗത്തുനിന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണും.’- ഗഡ്കരി അറിയിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഗതാഗതമന്ത്രിയെ കണ്ടത്.

രാവിലെ പത്ത് മണി മുതല്‍ 15 മിനുട്ട് വരെയായിരുന്നു കൂടിക്കാഴ്ച. മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണം അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ അത് സ്വകാര്യകമ്പനിക്ക് കൊടുക്കുന്നതിലെ വൈരുധ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം സംബന്ധിച്ച് കേരളത്തിനുള്ള അതൃപ്തിയും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനാവശ്യമായ കേന്ദ്ര സഹായത്തെക്കുറിച്ചുള്ള അഭ്യര്‍ത്ഥനയും കേരളം നല്‍കിയ നിവേദനത്തിലുണ്ട്.

സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്ന കാര്യവും ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കിയതും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതോടൊപ്പം രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു.