| Friday, 9th June 2023, 11:04 am

മോദിയുടെ രഥം തടയാന്‍ പോകുന്നത് നിതീഷ്; ചോദ്യം ചെയ്യുമ്പോള്‍ ബി.ജെ.പി പള്ളികളിലേക്കും അമ്പലങ്ങളിലേക്കും ശ്രദ്ധ തിരിച്ചുവിടുന്നു: തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: തന്റെ പിതാവ് ലാലുപ്രസാദ് യാദവ് അദ്വാനിയുടെ രഥയാത്ര തടഞ്ഞത് പോലെ നരേന്ദ്ര മോദിയുടെ രഥം തടയാന്‍ പോകുന്നത് നിതീഷ് കുമാറാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. സംസ്ഥാനത്തെ കൈത്തറി നെയ്ത്തുകാരുടെ സഹകരണ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യാദവിന്റെ പരാമര്‍ശം.

‘എല്‍.കെ. അദ്വാനിയുടെ രഥയാത്ര ലാലു പ്രസാദ് തടഞ്ഞിരുന്നു. ഇപ്പോള്‍ നിതീഷ് കുമാര്‍ നയിക്കുന്ന മഹഗഡ്ബന്ധന്‍ മോദിയുടെ രഥം തടയാന്‍ പോകുകയാണ്,’ തേജസ്വി യാദവ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുകയാണെന്നും യാദവ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുന്നതില്‍ ബി.ജെപി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘രണ്ട് കോടി ആളുകള്‍ക്ക് ജോലി നല്‍കുമെന്നും എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം ഉണ്ടാകുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും അവര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ ഇവയില്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ ജനശ്രദ്ധ ഹിന്ദുക്കളിലേക്കും മുസ്‌ലിങ്ങളിലേക്കും പള്ളികളിലേക്കും അമ്പലങ്ങളിലേക്കും തിരിച്ചുവിടുന്നു,’ യാദവ് പറഞ്ഞു.

രാജ്യം എല്ലാ സമുദായങ്ങള്‍ക്കും വേണ്ടി ഉള്ളതാണെന്നും ഒരു സാമൂഹിക വിഭാഗത്തിനും അതിന്റെ അവകാശം എടുത്തുകളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദുവോ മുസ്‌ലിമോ മറ്റ് മതവിഭാഗങ്ങളോ ആകട്ടെ, എല്ലാവരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി’ അദ്ദേഹം പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന് വോട്ടവകാശം നഷ്ടപ്പെടുമെന്ന വാര്‍ത്തകള്‍ ചില കോണുകളില്‍ നിന്നും കേള്‍ക്കുന്നുണ്ടെന്നും തേജസ്വി പറഞ്ഞു. ‘നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനെയും പോലുള്ള നേതാക്കള്‍ ഉള്ളപ്പോള്‍ ഇത്തരത്തില്‍ ഒരു കാര്യവും ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല. രാജ്യം ആരുടെയും പിതാവിന്റെ പൊതുസ്വത്ത് അല്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 23ന് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കോണ്‍ഗ്രസിനെയും പ്രാദേശിക പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘അധികാരത്തിലിരിക്കുന്നത് ഒരു സ്വേഛാധിപതിയാണ്. അവരുടെ ഉത്തരവുകളെല്ലാം അനുസരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. ഭരണഘടന അപകടത്തിലാണ്,’ തേജസ്വി പറഞ്ഞു.

ബി.ജെ.പി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഭയപ്പെടുന്നു. അധികാരം നഷ്ടപ്പെട്ടതിന് ശേഷം വെറുതെയല്ല ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാര്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേരുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിയും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.

Content Highlight: Nitidh kumar would stop modis chariot: Thejaswi yadhav

We use cookies to give you the best possible experience. Learn more