| Wednesday, 3rd January 2018, 11:00 am

ഇലക്ട്രിക് വാഹനങ്ങള്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നീതി ആയോഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന പദ്ധതിക്കെതിരെ നീതി ആയോഗ് രംഗത്ത്. ഇലക്ട്രിക് വാഹനം രാജ്യത്തിന് യോജിച്ചതല്ലെന്നാണ് നീതി ആയോഗ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. പകരം മെഥനോള്‍ എന്ന ഇന്ധനമാണ് വാഹനങ്ങള്‍ക്ക് യോജിച്ചതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇലക്ട്രിക് വെഹിക്കിള്‍ സംവിധാനം രാജ്യത്ത് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന അവസരത്തിലാണ് നീതി ആയോഗിന്റെ ഈ നിര്‍ദ്ദേശം പുറത്തുവന്നത്. ഇലക്ട്രിക് വെഹിക്കിള്‍ മിഷന്‍ എന്ന സംവിധാനത്തിനു പകരം, ഹൈബ്രിഡ് വെഹിക്കിള്‍ പോളിസ് ആണ് നടപ്പാക്കേണ്ടതെന്നാണ് നീതി ആയോഗ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

2030 ഓടു കൂടി ഇലക്ട്രിക് വാഹനം മാത്രം രാജ്യത്ത് ഏര്‍പ്പെടുത്തണമെന്ന പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇലക്ട്രിക് മിഷന്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ മെഥനോള്‍ വാഹന ഇന്ധനമായി ഉപയോഗിക്കുന്നതുവഴി രണ്ടായിരത്തി മുപ്പതോടെ ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ കഴിയുമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ സാമ്പത്തികമായി നേട്ടമുള്ളവയല്ല. ഇവയുടെ ബാറ്ററി നിര്‍മ്മാണത്തിനാവശ്യമായ ലിഥിയത്തിന് ലഭ്യത കുറവുണ്ട്. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി നിരവധി ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ രാജ്യത്ത് തുറക്കേണ്ടിവരും. ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും നീതി ആയോഗ് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more