ന്യൂദല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലായതിനാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ഇന്ത്യയെ മത്സര സ്വഭാവമുള്ള ഒരു രാജ്യമാക്കി മാറ്റാന്‍ ഇനിയും ഒരുപാട് നവീകരണങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയില്‍ ശക്തമായ നവീകരണങ്ങള്‍ നടപ്പാക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യയില്‍ ജനാധിപത്യം വളരെയധികം കൂടുതലാണ്… കല്‍ക്കരി, ഖനനം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലയില്‍ നടപ്പാക്കിയ പോലെയുള്ള നവീകരണങ്ങള്‍ നടത്തണമെങ്കില്‍ രാഷ്ട്രീയമായ ഇച്ഛാ ശക്തി ആവശ്യമാണ്. ഇനിയും ഒരുപാട് ഇവിടെ നടപ്പാക്കാനുമുണ്ട്,’ അദ്ദേഹം പറഞ്ഞു.
ശക്തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതെ ചൈനയുമായി മത്സരിക്കാന്‍ ഇന്ത്യക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ്യ മാസിക സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തഘട്ട നവീകരണം നടപ്പാക്കി തുടങ്ങേണ്ടത് ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ നിന്നം പഞ്ചാബില്‍ നിന്നുമുള്ള കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ കാര്‍ഷിക മേഖലയില്‍ നവീകരണം ആവശ്യമാണെന്നായിരുന്നു കാന്തിന്റെ മറുപടി.
‘താങ്ങുവില അവിടെ തന്നെയുണ്ടാകുമെന്ന് മനസിലാക്കലാണ് ഇതില്‍ പ്രധാനം. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനും അതില്‍ നിന്ന് ലാഭമുണ്ടാക്കാനും സാധിക്കും,’ അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക