അറസ്റ്റ് ഭയന്ന് നിത്യാനന്ദ രാജ്യം വിട്ടു; എന്തായാലും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
national news
അറസ്റ്റ് ഭയന്ന് നിത്യാനന്ദ രാജ്യം വിട്ടു; എന്തായാലും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st November 2019, 10:17 pm

അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്ന് പണം പിരിച്ചതിനും പൊലീസ് കേസെടുത്ത ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടു. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍.

സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും തട്ടിക്കൊണ്ട് വന്ന് അനധികൃതമായി തടവില്‍ വച്ച് പണം പിരിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

നാല് കുട്ടികളെ ഒരു ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷമാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവര്‍ക്കായിരുന്നു അഹമ്മദാബാദിലെ ആശ്രമത്തിന്റെ ഉത്തരവാദിത്വം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയുടെ പരാതിയെ തുടര്‍ന്നാണ് നിത്യാനന്ദയ്ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചത്. തന്റെ 12 വയസ്സുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല.

ആശ്രമ അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണ്. എന്ത് ആത്മീയ കാര്യമാണിത്?- ആനന്ദ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ