| Wednesday, 3rd August 2022, 4:30 pm

കീടം പോലെയാണ് അയാള്‍, വര്‍ഷങ്ങളായി കഷ്ടപ്പെടുത്തുന്നു, അച്ഛനെയും അമ്മയെയും കുറെ ബുദ്ധിമുട്ടിച്ചു: നിത്യ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിത്യ മേനോന്‍. ഇന്ദു വി.എസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന
ആര്‍ട്ടിക്കിള്‍ 19 (1) (എ) ആണ് നിത്യയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തീയേറ്റര്‍ റെസ്‌പോണ്‌സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കിയെന്നയാള്‍ നിത്യ മേനോനെ തനിക്ക് വിവാഹം കഴിക്കണം എന്ന തരത്തിലൊക്കെ നിരവധി ഇടങ്ങളില്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി താന്‍ നിത്യയോട് ഇക്കാര്യങ്ങള്‍ പറയുകയാണ് എന്ന തരത്തിലാണ് സന്തോഷ് ഇക്കാര്യങ്ങള്‍ ശ്രദ്ധ നേടിയ ശേഷം പലയിടങ്ങളില്‍ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയുടെ പ്രവര്‍ത്തികളോട് പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനോന്‍. ബിഹൈൻഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വര്‍ഷങ്ങളായി ഒരുപാട് രീതിയില്‍ അയാള്‍ കുറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നുമാണ് നിത്യ പറയുന്നത്.

‘അയാള്‍ പറയുന്നത് ഒക്കെ കേട്ട് അതൊക്കെ വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.
അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍.


ശരിക്കും ഞാന്‍ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. എനിക്ക് ഇതില്‍ ഒന്നും തന്നെ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ്.

എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പൊലീസില്‍ പരാതി ഒക്കെ കൊടുക്കണമെന്നെക്കെ. പക്ഷെ ഓരോത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്.

എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് എനിക്ക് അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു കീടം പോലെയാണ് അയാള്‍,’നിത്യ പറയുന്നു.

അതേസമയം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) യില്‍ വിജയ് സേതുപതിയാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതി നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.

Content Highlight : Nithya menon talks about Stalker Santhosh varkey aka Arattannan

We use cookies to give you the best possible experience. Learn more