സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നിത്യക്ക് എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയില്‍ എത്തിയ നിത്യ 2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. നിത്യയുടെ മലയാള സിനിമകളില്‍ മിക്കവര്‍ക്കും എന്നും പ്രിയപ്പെട്ട ഒന്നാണ് ഉസ്താദ് ഹോട്ടല്‍. ഈ സിനിമ തനിക്ക് സ്‌പെഷ്യലായി തോന്നാനുള്ള കാരണം പറയുകയാണ് നിത്യ മേനോന്‍. റേഡിയോ സിറ്റി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
തനിക്ക് സിനിമയില്‍ പഴയ ലെജന്റ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് നിത്യ പറയുന്നത്. അതുകൊണ്ട് ഉസ്താദ് ഹോട്ടലില്‍ നടന്‍ തിലകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനാല്‍ ആ സിനിമ വളരെ സ്‌പെഷ്യലായി തോന്നുന്നുവെന്നും നടി പറഞ്ഞു.
തനിക്ക് ലഭിച്ച സംവിധായകരില്‍ ഏറ്റവും മികച്ച ആളുകളില്‍ ഒരാളാണ് ഉസ്താദ് ഹോട്ടല്‍ സിനിമയുടെ സംവിധായകന്‍ അന്‍വര്‍ റഷീദെന്ന് തോന്നിയിട്ടുണ്ടെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. വളരെ ബ്രില്ലിയന്റായ സംവിധായകനാണ് അദ്ദേഹമെന്നും നിത്യ മേനോന്‍ പറയുന്നു.
‘എനിക്ക് സിനിമയില്‍ പഴയ ലെജന്റ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് തിലകന്‍ സാറിന്റെ കൂടെ ഉസ്താദ് ഹോട്ടല്‍ ചെയ്തത് വളരെ സ്‌പെഷ്യലായി തോന്നുന്നുണ്ട്. തിരുചിത്രമ്പലത്തില്‍ ഭാരതിരാജ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയതും ഇതുപോലെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
അവരെ പോലെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കുറഞ്ഞ അവസരമേ ലഭിച്ചിട്ടുള്ളൂ. ഉസ്താദ് ഹോട്ടലിനെ കുറിച്ച് പറയുകയാണെങ്കില്‍ എനിക്ക് ലഭിച്ച സംവിധായകരില്‍ ഏറ്റവും ബെസ്റ്റായിട്ടുള്ള ആളുകളില്‍ ഒരാളാണ് അന്‍വര്‍ റഷീദെന്ന് തോന്നിയിട്ടുണ്ട്. വളരെ ബ്രില്ലിയന്റായ സംവിധായകനാണ് അദ്ദേഹം. ഞാന്‍ എപ്പോഴും അദ്ദേഹത്തോട് നിങ്ങള്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് പറയാറുണ്ട്,’ നിത്യ മേനോന്‍ പറഞ്ഞു.
Content Highlight: Nithya Menon Talks About Anwar Rasheed