Entertainment
എനിക്ക് തന്ന ഗിഫ്റ്റാണ് ആ അവാർഡ്, ഞാൻ ഒന്നും ചെയ്തിട്ടില്ല: നിത്യ മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 17, 02:37 am
Tuesday, 17th September 2024, 8:07 am

ഈയിടെ കഴിഞ്ഞ നാഷണൽ അവാർഡിൽ മലയാളിയായ നിത്യ മേനോനും ഗുജറാത്തി നടി മാന്‍സി പരേഖിനുമായിരുന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 2022ല്‍ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ ‘തിരുച്ചിത്രമ്പല’ത്തിലെ അഭിനയത്തിലൂടെയായിരുന്നു നിത്യ പുരസ്‌കാരം നേടിയത്.

നിത്യ മേനോന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. ധനുഷ് നായകനായി എത്തിയ ‘തിരുച്ചിത്രമ്പല’ത്തില്‍ ശോഭന എന്ന കഥാപാത്രമായിട്ടായിരുന്നു നിത്യ എത്തിയത്. ആ അവാർഡ് കിട്ടാൻ താൻ തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ലായിരുന്നുവെന്ന് പറയുകയാണ് നിത്യ മേനോൻ.

നാഷണൽ അവാർഡ് എങ്ങനെയാണ് തനിക്ക് കിട്ടിയതെന്ന് അറിയില്ലെന്നും അതൊരു ഗിഫ്റ്റാണെന്നും നിത്യ മേനോൻ പറഞ്ഞു. റേഡിയോ സിറ്റി മലയാളത്തോട് സംസാരിക്കുകയായിരുന്നു നിത്യ മേനോൻ.

‘ആ അവാർഡ് കിട്ടാൻ വേണ്ടി ഞാൻ തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ല. സത്യത്തിൽ എനിക്കറിയില്ല. എന്റെ ഒരു അഭിപ്രായത്തിൽ എനിക്ക് തന്ന ഒരു ഗിഫ്റ്റാണ് ആ നാഷണൽ അവാർഡ്.

ഞാൻ സ്വയം നേടിയെടുത്തതോ, അല്ലെങ്കിൽ ഒരു ആക്ടിങ് സ്കൂളിൽ പോയി വളരെ കഷ്ടപ്പെട്ട് കുറേ തിയേറ്റർ പെർഫോമൻസുകളൊക്കെ ചെയ്ത് കിട്ടിയതല്ല.

അങ്ങനെയാണ് കിട്ടിയതെങ്കിൽ എനിക്ക് പറയാമായിരുന്നു, ഞാൻ ചെയ്ത് കൊണ്ടുവന്ന ഒരു കാര്യമാണെന്ന്. പക്ഷെ അത് നാച്ചുറലി കിട്ടിയതാണ്. അതിന്റെ ക്രെഡിറ്റ്‌ എനിക്ക് എടുക്കാൻ പറ്റുമോയെന്ന് അറിയില്ല,’നിത്യ മേനോൻ പറയുന്നു.

എല്ലാ ഇൻഡസ്ട്രിയിലും താൻ ഒരുപോലെ കംഫർട്ടബിളാണെന്നും നിത്യ മേനോൻ കൂട്ടിച്ചേർത്തു.

‘എനിക്ക് ഏത്‌ ഇൻഡസ്ട്രിയാണ് കംഫർട്ടബിൾ എന്ന് ചോദിച്ചാൽ മറുപടിയില്ല. എല്ലാത്തിലും ഞാൻ ഒരുപോലെ ഓക്കെയാണ്. മലയാളം എന്റെ മാതൃഭാഷയാണ് അതുകൊണ്ട് അത് ഓക്കെയാണ്. കന്നഡയിൽ ഞാൻ ഒരുപാട് കംഫർട്ടബിളാണ്. കന്നഡയും എന്റെ മാതൃഭാഷ പോലെയാണ്.

തമിഴാണ് ഞാൻ ഏറ്റവും കൂടുതൽ പറയാറുള്ളതും കേൾക്കാറുള്ളതും. അതുകൊണ്ട് അവിടെയും ഒരുപാട് ഓക്കെയാണ്. ഞാൻ ഏറ്റവും ഫ്ലുവന്റായിട്ടുള്ള ഭാഷയാണ് തമിഴ്. എവിടെ പോയാലും അങ്ങനെ ഒരു വ്യത്യാസം എനിക്ക് തോന്നില്ല. ഏത്‌ ഭാഷയിലേക്ക് വേണമെങ്കിലും എനിക്ക് മാറാം എന്നാണ് സത്യം. എല്ലാം ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്,’നിത്യ പറയുന്നു.

 

Content Highlight: Nithya Menon Talk About Her National Award