ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് നിത്യ മേനന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ നിത്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിന് 2022ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നിത്യയെ തേടിയെത്തിയിരുന്നു.
തമിഴ് സംവിധായകനായ മിഷ്‌കിനുമായുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് നിത്യ മേനന്‍. പല സിനിമകളും ചെയ്യുമ്പോള്‍ ശാരീരികമായി എത്ര ബുദ്ധിമുട്ടിലാണെങ്കിലും പല സംവിധായകരും അതൊന്നും പരിഗണിക്കില്ലെന്നും എങ്ങനെയെങ്കിലും ഷൂട്ട് തീര്‍ക്കാന്‍ നോക്കുകയാണ് ചെയ്യാറെന്നും നിത്യ മേനന്‍ പറഞ്ഞു. സിനിമയോടും മറ്റ് ആര്‍ട്ടിസ്റ്റുകളോടുമുള്ള കമ്മിറ്റ്‌മെന്റ് കാരണം താന്‍ ആ സമയത്തൊക്കെ ഷൂട്ടിന് നില്‍ക്കാറുണ്ടെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
മിഷ്‌കിന്‍ സംവിധാനം സൈക്കോയില്‍ താന്‍ ആദ്യദിനം സെറ്റിലെത്തിയത് ലേറ്റായിട്ടായിരുന്നെന്നും തന്റെ പിരീഡ്‌സിന്റെ ആദ്യദിവസമായിരുന്നെന്നും നിത്യ പറഞ്ഞു. അവശത മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും മിഷ്‌കിന് കാര്യം മനസിലായെന്നും തന്നോട് പോയി വിശ്രമിക്കാന്‍ പറഞ്ഞെന്നും നിത്യ മേനന്‍ കൂട്ടിച്ചേര്‍ത്തു.
മിഷ്‌കിന്‍ അങ്ങനെ പറഞ്ഞത് കേട്ട് താന്‍ അത്ഭുതപ്പെട്ടെന്നും കുറച്ചുനേരം സ്റ്റക്കായി നിന്നെന്നും നിത്യ പറഞ്ഞു. എന്തിനാണ് തന്നോട് വിശ്രമിക്കാന്‍ പറഞ്ഞതെന്ന് പിന്നീട് ചോദിച്ചെന്നും തന്റെ മകളും പങ്കാളിയുമെല്ലാം ഇത്തരം അവസ്ഥയില്‍ ബുദ്ധിമുട്ടുന്നത് കാണാറുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മിഷ്‌കിന്‍ മറുപടി നല്‍കിയെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു നിത്യ മേനന്‍.
‘പല സിനികമളും ചെയ്യുന്ന സമയത്ത് ഫിസിക്കലി വളരെ വീക്കാകാറുണ്ട്. പനി വന്ന് റെസ്റ്റെടുക്കേണ്ട അവസരത്തിലും സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് കാരണം ചെയ്ത് തീര്‍ത്തിട്ടുണ്ട്. വയ്യെന്ന് സംവിധായകനോട് പറയേണ്ടി വന്നാലും പലരും അതൊന്നും കാര്യമാക്കാറില്ല. പറഞ്ഞ സമയത്ത് ഷൂട്ട് തീര്‍ക്കുക എന്ന് മാത്രമേ അവരുടെ മനസില്‍ ഉണ്ടാകാറുള്ളൂ.
സൈക്കോയുടെ സെറ്റില്‍ ആദ്യത്തെ ദിവസം തന്നെ ലേറ്റായാണ് ഞാന്‍ എത്തിയത്. അന്ന് എന്റെ പീരീഡ്‌സ് തുടങ്ങിയ ദിവസമായിരുന്നു. മെന്റലി ആയാലും ഫിസിക്കലി ആയാലും ഞാന്‍ വളരെ വീക്കായിരുന്നു. എന്റെ അവസ്ഥ കണ്ടപ്പോള്‍ തന്നെ മിഷ്‌കിന് കാര്യം മനസിലായി. എന്റെയടുത്ത് എത്തിയിട്ട്, ‘പീരീഡ്‌സാണോ, വയ്യെങ്കില്‍ നീ പോയി റെസ്‌റ്റെടുത്തോ’ എന്ന് പറഞ്ഞു. അത് കേട്ട് ഒരു നിമിഷത്തേക്ക് ഞാന്‍ സ്റ്റക്കായി. കാരണം, ഒരു സംവിധായകനും എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല.
അന്നത്തെ എന്റെ സീനെല്ലാം വേണ്ടെന്ന് വെച്ചിട്ട് ബാക്കി സീമുകള്‍ ഷൂട്ട് ചെയ്തു. പിന്നീട് ഒരിക്കല്‍ ഇതിനെപ്പറ്റി ഞാന്‍ മിഷ്‌കിനോട് ചോദിച്ചു. എന്തിനാണ് എന്നോട് റെസ്‌റ്റെടുക്കാന്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ‘എന്റെ വീട്ടില്‍ ഭാര്യയും മകളും ഇതുപോലുള്ള സമയത്ത് എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ടെന്ന് ഞാന്‍ കാണാറുള്ളതാ. നിനക്കും അതേ ബുദ്ധിമുട്ടുണ്ടെന്ന് അറിഞ്ഞിട്ട് നിന്നെ അഭിനയിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നി’ എന്നായിരുന്നു മറുപടി,’ നിത്യ മേനന്‍ പറഞ്ഞു.
Content Highlight: Nithya Menon shares an unforgettable incident with Director Mysskin