| Sunday, 18th August 2024, 9:27 am

ഒട്ടും ഡ്രമാറ്റിക്കല്ലെന്ന് പറഞ്ഞ് ആ സിനിമകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാതെ അവഗണിക്കുന്നത് എന്തുകൊണ്ട്? നിത്യ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. മലയാളിയായ നിത്യ മേനോനും ഗുജറാത്തി നടി മാന്‍സി പരേഖിനുമായിരുന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 2022ല്‍ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ ‘തിരുച്ചിത്രമ്പല’ത്തിലെ അഭിനയത്തിലൂടെയായിരുന്നു നിത്യ പുരസ്‌കാരം നേടിയത്.

നിത്യ മേനോന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. എന്നാല്‍ ഒരു കൊമേഷ്യല്‍ ചിത്രമായ ‘തിരുച്ചിത്രമ്പല’ത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നല്‍കിയതില്‍ പലരും എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു. ധനുഷ് നായകനായി എത്തിയ ‘തിരുച്ചിത്രമ്പല’ത്തില്‍ ശോഭന എന്ന കഥാപാത്രമായിട്ടായിരുന്നു നിത്യ എത്തിയത്.

ഇപ്പോള്‍ എന്തുകൊണ്ടാണ് ഒരു ലൈറ്റ് ഹാര്‍ട്ട് ആയ സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് നല്‍കാന്‍ കഴിയാത്തത് എന്ന് ചോദിക്കുകയാണ് നിത്യ മേനോന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഒരു ലൈറ്റ് ഹാര്‍ട്ട് ആയ സിനിമ കാണാന്‍ കഴിയാത്തത്? എന്തുകൊണ്ടാണ് അത്തരം സിനിമയുടെ രചനക്കും സംവിധാനത്തിനും അതിലെ അഭിനയത്തിനും അവാര്‍ഡ് നല്‍കാന്‍ കഴിയാത്തത്? ഉദാഹരണത്തിന്, ഒരു കോമഡി സിനിമയുടെ കാര്യമെടുക്കുക. അത്തരത്തില്‍ ഒരു കോമഡി സിനിമ എഴുതുകയോ അതില്‍ അഭിനയിക്കുകയോ ചെയ്യുന്നത് അത്ര എളുപ്പമല്ല.

അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷേ, ഒട്ടും ഡ്രമാറ്റിക്ക് അല്ലെന്ന കാരണം പറഞ്ഞ് അത്തരം സിനിമകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാതെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്? തിരുച്ചിത്രമ്പലത്തിനും ശോഭനയ്ക്കും ഈ അവാര്‍ഡ് ലഭിച്ചതിലൂടെ ഡ്രമാറ്റിക്കായ വേഷങ്ങള്‍ക്ക് മാത്രമല്ല അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് തെളിഞ്ഞു,’ നിത്യ മേനോന്‍ പറഞ്ഞു.

Content Highlight: Nithya Menon Asks Why Ignore Light Hearted Films Without Giving Awards

We use cookies to give you the best possible experience. Learn more