Advertisement
Entertainment
എത്ര അഭിനയിച്ചാലും ഞാന്‍ പ്രണയചിത്രങ്ങള്‍ വേണ്ടെന്ന് വെയ്ക്കില്ല; അതിന് ഒരു കാരണമുണ്ട്: നിത്യ മേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 04:01 am
Friday, 24th January 2025, 9:31 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനന്‍. ബാലതാരമായി സിനിമാ മേഖലയില്‍ എത്തിയ നിത്യ 2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്.

തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നടിക്ക് എളുപ്പത്തില്‍ തന്നെ സാധിച്ചിരുന്നു. ഒപ്പം വിവിധ ഭാഷകളിലായി നിത്യ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിത്യ മേനന്‍.

തനിക്ക് പ്രണയചിത്രങ്ങളില്‍ അഭിനയിക്കാന്‍ വളരെ ഇഷ്ടമാണെന്നാണ് നടി പറയുന്നത്. ഏറെ യാതനകളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതങ്ങളിലൂടെയാണ് പലരും മുന്നോട്ടു പോകുന്നതെന്നും വളരെ തീവ്രമായ ചിത്രങ്ങളല്ലാതെ ഇത്തരം ഫീല്‍ഗുഡ് ചിത്രങ്ങള്‍ അവര്‍ കാണുന്നതാണ് തനിക്ക് ഇഷ്ടമെന്നും നിത്യ പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് പ്രണയചിത്രങ്ങളില്‍ അഭിനയിക്കാന്‍ വളരെ ഇഷ്ടമാണ്. ഏറെ യാതനകളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതങ്ങളിലൂടെയാണ് പലരും മുന്നോട്ടു പോകുന്നത്. വളരെ തീവ്രമായ ചിത്രങ്ങളല്ലാതെ ഇത്തരം ഫീല്‍ഗുഡ്, സന്തോഷകരമായ ലൈഫ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ കാണുന്നതാണ് എനിക്ക് ഇഷ്ടം. എത്ര അഭിനയിച്ചാലും ഞാന്‍ പ്രണയചിത്രങ്ങള്‍ വേണ്ടെന്ന് വെയ്ക്കില്ല എന്നത് തീര്‍ച്ചയാണ്,’ നിത്യ മേനന്‍ പറഞ്ഞു.

ഒപ്പം തന്റെ 19(1)(എ) എന്ന സിനിമയെ കുറിച്ചും നടന്‍ വിജയ് സേതുപതിയെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. വളരെ സ്വാഭാവികതകളുള്ള നടനാണ് വിജയ് സേതുപതിയെന്നും തങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ആയിരുന്നെന്നും നിത്യ പറയുന്നു.

19(1)(എ) സിനിമയിലെ പല സീനുകളിലും അഭിനയിക്കുകയാണെന്ന് പോലും തോന്നാതെ വളരെ ഈസിയായിട്ടാണ് തങ്ങള്‍ ഇരുവരും അഭിനയിച്ചതെന്നും നടി പറഞ്ഞു. വിജയ് സേതുപതിയുമായി വീണ്ടും പല ചിത്രങ്ങളുടെയും ഭാഗമാകാനും താത്പര്യമുണ്ടെന്നും നിത്യ മേനന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Nithya Menen Talks About Romantic Movies