Entertainment
ഞാനും ദുല്‍ഖറും ആ സിനിമയുടെ സെറ്റില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലായിരുന്നു: നിത്യ മേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 16, 07:35 am
Thursday, 16th January 2025, 1:05 pm

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നിത്യ മേനന്‍. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ച നിത്യ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. 2021ല്‍ റിലീസായ തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നിത്യ സ്വന്തമാക്കി.

മണിരത്‌നം സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓ കാതല്‍ കണ്മണി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ താര എന്ന കഥാപാത്രമായാണ് നിത്യ വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് നിത്യ മേനന്‍. തമിഴിലെ ടിപ്പിക്കല്‍ നായിക കഥാപാത്രങ്ങളെ പോലെയാണ് ആ സിനിമയിലേതെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നിത്യ മേനന്‍ പറഞ്ഞു.

ചിത്രത്തിലെ റൊമാന്റിക് സീനുകളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അക്കാര്യം താന്‍ മണിരത്‌നത്തോട് സൂചിപ്പിച്ചെന്നും നിത്യ മേനന്‍ കൂട്ടിച്ചേര്‍ത്തു. ആ സീനുകള്‍ ചെയ്യാന്‍ തനിക്ക് ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് മണിരത്‌നത്തിന് മനസിലായെന്നും അദ്ദേഹം അത് വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിക്കാമെന്ന് പറഞ്ഞ് സാമാധിനിപ്പിച്ചെന്നും നിത്യ പറഞ്ഞു.

അത്തരം റൊമാന്റിക് സീനുകള്‍ ചെയ്യാന്‍ ദുല്‍ഖര്‍ സല്‍മാനും താനും അത്രക്ക് കംഫര്‍ട്ടബിള്‍ അല്ലായിരുന്നെന്നും എന്നാല്‍ മണിരത്‌നം വളരെ വ്യത്യസ്തമായി ആ സിനിമയിലെ റൊമാന്റിക് സീനുകള്‍ ചിത്രീകരിച്ചെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും താനറിയാതെ മണിരത്‌നം തന്നെ സ്‌പൈ ചെയ്യുന്നുണ്ടോ എന്ന് തോന്നിയെന്നും താന്‍ എന്താണോ ചിന്തിച്ചത് അത് അദ്ദേഹം മനസിലാക്കിയെന്നും നിത്യ മേനന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു നിത്യ മേനന്‍.

‘മണി സാര്‍ എന്നോട് ഓ.കെ കണ്മണിയുടെ കഥ പറഞ്ഞ സമയത്ത് ഇത് ടിപ്പിക്കല്‍ തമിഴ് നായികമാരെ പോലെയല്ല എന്ന ചിന്ത വന്നിരുന്നു. കഥ ഇഷ്ടമായപ്പോള്‍ ഓക്കെ പറഞ്ഞു. പക്ഷേ, ആ സിനിമയിലെ റൊമാന്റിക് സീനുകള്‍ ചെയ്യാന്‍ എനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. അത് മണി സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് മറ്റൊരു രീതിയില്‍ എടുക്കാം എന്ന് പറഞ്ഞു.

ആ റൊമാന്റിക് സീനുകള്‍ കാരണം ഞാനും ദുല്‍ഖറും ആ സെറ്റില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ മനസ് വായിച്ചിട്ടെന്ന പോലെ മണി സാര്‍ എല്ലാ റൊമാന്റിക് സീനുകളും കുറച്ച് വ്യത്യസ്തമായിട്ടാണ് എടുത്തത്. എന്റെ മനസില്‍ വരുന്ന ചിന്തകളെല്ലാം വായിച്ചതുപോലെയായിരുന്നു മണി സാര്‍ എല്ലാ കാര്യവും ചെയ്തിരുന്നത്. അദ്ദേഹം എന്നെ സ്‌പൈ ചെയ്യുന്നുണ്ടോ എന്ന് ഇടയ്‌ക്കൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു,’ നിത്യ മേനന്‍ പറഞ്ഞു.

Content Highlight: Nithya Menen shares the shooting experience of OK Kanmani with Dulquer Salmaan and Maniratnam