| Monday, 21st October 2024, 5:28 pm

ഒരിക്കല്‍ കൂടി എന്റെ കംഫര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രം കിട്ടിയ സിനിമയാണത്: നിത്യ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നിത്യ മേനോന്‍. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ച നിത്യ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. 2021ല്‍ റിലീസായ തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നിത്യ സ്വന്തമാക്കി. ധനുഷ് നായകനായ ചിത്രത്തില്‍ ശോഭന എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്.

ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‌ലി കടൈയിലാണ് നിത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നും കഥയെപ്പറ്റി കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് നിത്യ പറഞ്ഞു. ധനുഷ് എന്ന നടനെക്കാള്‍ അയാളിലെ സംവിധായകന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. ഫീല്‍ ഗുഡ് ഴോണറിലുള്ള സിനിമയായിരിക്കും അതെന്ന് നിത്യ പറഞ്ഞു.

തിരുച്ചിത്രമ്പലത്തിലെ ശോഭന തന്റെ കംഫര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രമായിരുന്നെന്നും ഈ സിനിമയിലും അത്തരത്തിലൊരു കഥാപാത്രമാണെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷിനോടൊപ്പം അഭിനയിക്കുക എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയെന്നും നിത്യ പറഞ്ഞു. ന്യൂസ് 18 ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം പറഞ്ഞത്.

‘ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ ഇഡ്‌ലി കടൈയാണ്. ധനുഷാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണത്. ആദ്യ ഷെഡ്യൂള്‍ മാത്രമേ ഇപ്പോള്‍ കഴിഞ്ഞുള്ളൂ. കഥയെപ്പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. വളരെയധികം എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സെറ്റാണത്. ധനുഷ് എന്ന നടനോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അയാളുടെ ഡയറക്ഷനില്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ല.

ഈ സിനിമയിലെ എന്റെ കഥാപാത്രം കുറച്ച് സ്‌പെഷ്യലാണ്. തിരുച്ചിത്രമ്പലത്തിലെ ശോഭനയെപ്പോലെ ഒരു ക്യാരക്ടര്‍ എന്ന് വേണമെങ്കില്‍ പറയാം. ശോഭന എന്റെ കംഫര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രമാണ്. ഒരിക്കല്‍ കൂടി അത്തരത്തിലൊരു കഥാപാത്രം ചെയ്യുന്നത് ഇഡ്‌ലി കടൈയിലാണ്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷിന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന സിനിമയാണിത്,’ നിത്യ മേനോന്‍ പറഞ്ഞു

Content Highlight: Nithya Menen shares the shooting experience in Dhanush’s next directorial

We use cookies to give you the best possible experience. Learn more