തെന്നിന്ത്യന്‍ ഭാഷയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ നടിയാണ് നിത്യ മേനോന്‍. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. ‘തിരുച്ചിത്രമ്പല’ത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നിത്യയെ തേടിയെത്തിയിട്ടുണ്ട്.
ഇപ്പോള്‍ തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പ്രൊഫഷനാണ് അഭിനയം എന്ന് പറയുകയാണ് നിത്യ മേനോന്‍. ഒരു അവസരം കിട്ടിയാല്‍ താന്‍ അഭിനയത്തില്‍ നിന്ന് ഓടിപ്പോകുമെന്നനും ഒരു നോര്‍മല്‍ ജീവിതം നയിക്കാനാണ് ഇഷ്ടമെന്നും നിത്യ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ മേനോന്‍.
‘ഇപ്പോഴാണെങ്കിലും എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പ്രൊഫഷനാണ് അഭിനയം എന്നത്. എനിക്ക് ഒരു വഴി കിട്ടിയാല്‍, അല്ലെങ്കില്‍ ഒരു അവസരം കിട്ടിയാല്‍ ഞാന്‍ അഭിനയത്തില്‍ നിന്നും ഓടിപ്പോകും. കേള്‍ക്കുമ്പോള്‍ വിരോധാഭാസമോ കോമഡിയോ ഒക്കെയായി നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ അതാണ് സത്യം. എനിക്ക് അഭിനയം ഇഷ്ടമേ അല്ല.
ഇത് പറഞ്ഞ് കഴിഞ്ഞാല്‍ നന്ദിയില്ലാത്തവളായി ഒക്കെ എന്നെ കാണുമായിരിക്കും. എനിക്ക് ഒരു നോര്‍മല്‍ ജീവിതം നയിക്കാനാണ് ആഗ്രഹം. ആദ്യമെല്ലാം എനിക്ക് പൈലറ്റ് ആകാനായിരുന്നു താത്പര്യം. കാരണം എനിക്ക് അപ്പോള്‍ ഒരുപാട് യാത്ര ചെയ്യാം, ഫ്രീയായി ഇരിക്കാനെല്ലാം കഴിയുമല്ലോ.
എന്നാല്‍ ഒരു അഭിനേതാവായി കഴിഞ്ഞാല്‍ ഫ്രീയായി ഇരിക്കുന്നതിനെ കുറിച്ചെല്ലാം മറന്ന് കളയണം. അതൊന്നും നടക്കാനേ പോകുന്നില്ല. എനിക്ക് മരങ്ങളെയും പ്രകൃതിയെയുമെല്ലാം ഇഷ്ടമാണ്. എനിക്ക് വെറുതേ കുറേനേരം പുറത്തിറങ്ങി നടക്കാനും പാര്‍ക്കില്‍ പോയി ഇരിക്കാനും എല്ലാം ഇഷ്ടമാണ്.
എല്ലാവരെയും പോലെ ഒരു നോര്‍മല്‍ ജീവിതം നയിക്കണം എന്നെല്ലാമാണ് ആഗ്രഹം. എന്നാല്‍ അതിന് ഇപ്പോള്‍ കഴിയില്ല. ഇടക്ക് എനിക്ക് തന്നെ തോന്നും, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നൊക്കെ,’ നിത്യ മേനോന്‍ പറയുന്നു.