നടന്മാര്‍ മാത്രമാണ് അസൂയ കാണിക്കാറുള്ളത്, നടിമാര്‍ ഒരിക്കലും അങ്ങനെ ചെയ്യാറില്ല: അനുഭവം പറഞ്ഞ് നിത്യ മേനെന്‍
Entertainment
നടന്മാര്‍ മാത്രമാണ് അസൂയ കാണിക്കാറുള്ളത്, നടിമാര്‍ ഒരിക്കലും അങ്ങനെ ചെയ്യാറില്ല: അനുഭവം പറഞ്ഞ് നിത്യ മേനെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th November 2022, 5:12 pm

സ്ത്രീകളെ കുറിച്ച് പൊതുവെ പറഞ്ഞുനടക്കുന്ന പല ധാരണകളും അബദ്ധം നിറഞ്ഞതാണെന്ന് പറയുകയാണ് നിത്യ മേനെന്‍. ഒരേ മേഖലയിലുള്ള സ്ത്രീകള്‍ തമ്മില്‍ വലിയ അസൂയയാണ് എന്ന പറച്ചില്‍ ഇത്തരത്തിലുള്ള ഒന്നാണെന്നാണ് നിത്യ മേനെന്‍ പറയുന്നത്.

വണ്ടര്‍ വുമണ്‍ കാസ്റ്റിനോടൊപ്പം  ഫിലിം കമ്പാനിയന് നടത്തിയ അഭിമുഖത്തില്‍ വെച്ചാണ് നിത്യ മേനെന്‍ ഇതേ കുറിച്ച് സംസാരിച്ചത്. പുരുഷ അഭിനേതാക്കള്‍ മാത്രമാണ് തന്നോട് അസൂയയോടെ പെരുമാറിയിട്ടുള്ളതെന്നും നടി പറഞ്ഞു.

‘പുരുഷ അഭിനേതാക്കളില്‍ നിന്ന് മാത്രമാണ് അസൂയ നിറഞ്ഞ പെരുമാറ്റമുണ്ടായതായി എനിക്ക് തോന്നിയിട്ടുള്ളത്. മറ്റ് നടിമാരില്‍ നിന്ന് ഒരിക്കലും എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല.

നമ്മള്‍ എപ്പോഴും വളരെ സ്‌നേഹത്തോടെയാണ് ഇടപെടാറുള്ളത്. പരസ്പരം അംഗീകരിച്ചും അഭിനന്ദിച്ചുമാണ് ഫീമെയ്ല്‍ ആര്‍ടിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. ഞാന്‍ നിന്റെ സിനിമ കണ്ടു, ഗംഭീരമായിട്ടുണ്ട് എന്ന് പല നടിമാരും മറ്റ് നടിമാരോട് വളരെ എളുപ്പത്തില്‍ പറയാറുണ്ട്.

ഉദാഹരണത്തിന്, തിരുച്ചിത്തിരമ്പലത്തില്‍ റാഷി ഖന്നയും പ്രിയയുമുണ്ടായിരുന്നു. അവര്‍ വളരെ നല്ല രീതിയിലാണ് എന്നോട് ഇടപെട്ടത്. അത്രയും സ്‌നേഹമായിരുന്നു.

ഒപ്പം വര്‍ക്ക് ചെയ്ത എല്ലാ സ്ത്രീകളും അങ്ങനെയുള്ളവരായിരുന്നു. നമ്മളോട് ഒരല്‍പം വെല്ലുവിളിക്കുന്ന രീതിയിലും അസൂയയോടെയും പെരുമാറിയിട്ടുള്ളത് പുരുഷതാരങ്ങളാണ്,’ നിത്യ മേനെന്‍ പറഞ്ഞു.

നിത്യ മേനെന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് ഇതിന് പിന്നാലെ പാര്‍വതി പറഞ്ഞത്. ‘നമ്മള്‍ സ്ത്രീകള്‍ സമാനമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. അതിനെ ഓരോന്നിനെയും നേരിട്ടതും അതിജീവിച്ചതുമായ രീതികള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ അനുഭവങ്ങളില്‍ ആ സാമ്യതയുണ്ടാകും.

വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് ഇവിടേ പറഞ്ഞേ മതിയാകു. അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായി വന്നതിന് ശേഷം ഞങ്ങള്‍ എല്ലാവരും പരസ്പരം ഷെയര്‍ ചെയ്യാനും ഒന്നിച്ചു വളരാനുമാണ് ശ്രമിച്ചിട്ടുള്ളത്.

നീ ഇങ്ങനെ ആണല്ലേ ചെയ്യുന്നത് അത് നന്നായിട്ടുണ്ടല്ലോ എന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ഒരിക്കലും ഞാന്‍ ഇങ്ങനെ ചെയ്താല്‍ അവളേക്കാള്‍ മുമ്പിലെത്താം എന്ന ചിന്തയുണ്ടാകാറില്ല. ഒരാള്‍ പോലും അങ്ങനെ ഒരു ആറ്റിറ്റിയൂഡ് കാണിക്കാറില്ല,’ പാര്‍വതി പറഞ്ഞു.

Content Highlight: Nithya Menen about female sisterhood and male actors’ jealousy