|

ജനറേഷന്‍ ഗ്യാപ്പില്ലാതെ എന്റെ ആ സിനിമ പ്രേക്ഷകര്‍ ഇന്നും ആസ്വദിക്കുന്നുണ്ട് എന്നുള്ളത് വലിയ ഭാഗ്യമാണ്: നിത്യ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2001ല്‍ പുറത്തിറങ്ങി മികച്ച വിജയമായി മാറിയ ഒരു ചിത്രമായിരുന്നു ഈ പറക്കും തളിക. താഹ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നിത്യ ദാസ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. നിത്യ ദാസിന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു ഈ പറക്കും തളിക.

ഈ പറക്കും തളിക എന്ന ചിത്രത്തെ കുറിച്ചും സിനിമയില്‍ നിന്നുള്ള തന്റെ ഇടവേളയെ കുറിച്ചും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ ദാസ്. പതിനഞ്ച് വര്‍ഷത്തോളം താന്‍ സിനിമയില്‍ നിന്ന് മാറി നിന്നെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയെല്ലാം ഉള്ളതുകൊണ്ട് സിനിമയില്‍ നിന്ന് പുറത്ത് പോയതായി തോന്നിയിട്ടില്ലെന്നും നിത്യ ദാസ് പറയുന്നു.

 മിനിസ്‌ക്രീനില്‍ എപ്പോള്‍ പ്രദര്‍ശിപ്പിച്ചാലും ഇന്നും ഈ പറക്കും തളിക കാണാന്‍ ആളുണ്ട്. ജനറേഷന്‍ ഗ്യാപ്പില്ലാതെ പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നുണ്ട് – നിത്യ ദാസ്

ഈ പറക്കും തളിക പോലൊരു സിനിമയില്‍ നായികയായത് കൊണ്ട് തന്നെ ഇന്നും ആളുകള്‍ തിരിച്ചറിയുന്നുണ്ടെന്നും ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും നിത്യ ദാസ് പറഞ്ഞു.

‘പതിനഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നായികയായി ‘പള്ളിമണി’ എന്ന സിനിമയില്‍ അഭിനയിച്ചു. അത്ഭുതം തോന്നുന്നുണ്ട്. കാരണം, എനിക്ക് സിനിമയില്‍നിന്ന് പുറത്തുപോയതായി തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയൊക്കെ ഉള്ളതുകൊണ്ടാകാം. അന്ന്-ഇന്ന് എന്നൊന്നുമുള്ള വ്യത്യാസം തോന്നിയിട്ടില്ല.

എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്. ഈ പറക്കും തളിക പോലൊരു സിനിമയില്‍ നായികയായതുകൊണ്ടാണ്. മിനിസ്‌ക്രീനില്‍ എപ്പോള്‍ പ്രദര്‍ശിപ്പിച്ചാലും ഇന്നും ആ സിനിമ കാണാന്‍ ആളുണ്ട്. ജനറേഷന്‍ ഗ്യാപ്പില്ലാതെ പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നുണ്ട്. അതൊരു വലിയ ഭാഗ്യമാണ്.

വിവാഹത്തിന് ശേഷം ചില അവസരങ്ങളൊക്കെ വന്നിരുന്നു. എന്നാല്‍, മനസിനിണങ്ങിയ നല്ല സിനിമ വന്നില്ല. സണ്‍ ടി.വിയില്‍ തമിഴ് സീരിയലില്‍ പത്ത് വര്‍ഷത്തോളം അഭിനയിച്ചു. സിനിമയില്‍നിന്ന് മാറി നില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. വീണ്ടും അഭിനയിക്കണമെന്ന് വിവാഹശേഷം തോന്നിയിട്ടുമുണ്ട്. എന്നാല്‍, കുടുംബം, കുട്ടികള്‍ അങ്ങനെ ഉത്തരവാദിത്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നു. അപ്പോഴും നല്ല വേഷങ്ങള്‍ എന്നെ തേടിവന്നിരുന്നു,’ നിത്യ ദാസ് പറയുന്നു.

Content Highlight: Nithya Das talks about Ee  parakkum Thalika Movie