ടി-20 ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യ-സിംബാബ്വെ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്വെക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി മലയാളി സൂപ്പര്‍താരം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് താരം ധ്രൂവ് ജുറലുമാണ് ഇടം പിടിച്ചത്.
കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗും സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് നടത്തിയ അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്‌ഡി എന്നീ താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നത്.
എന്നാല്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയ സണ്‍റൈസസ് ഹൈദരാബാദിന്റെ യുവതാരം നിതീഷ് കുമാര്‍ റെഡ്‌ഡിക്ക് പരിക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാറിന് പകരം ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഹൈദരാബാദ് താരത്തിന് പരിക്കുപറ്റിയതിന് പിന്നാലെ ബി.സി.സി.ഐ മെഡിക്കല്‍ ടീം താരത്തെ നിരീക്ഷിച്ചുവരികയാണെന്നുമാണ് ബി.സി.സി.ഐയുടെ പ്രസ്താവനയില്‍ പറയുന്നത്.
നിതീഷ് കുമാര്‍ 2024 ഇന്ത്യന്‍ പ്രീമിയ ലീഗില്‍ സണ്‍റൈസ് ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 13 മത്സരങ്ങളില്‍ നിന്നും 303 റണ്‍സാണ് താരം നേടിയത്.