| Tuesday, 20th March 2018, 12:42 am

'അഴിമതി സഹിക്കാം, പക്ഷെ വര്‍ഗ്ഗീയ നിലപാടുകള്‍ പൊറുക്കാന്‍ കഴിയില്ല'; കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി  നിതീഷ്‌കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രണ്ട് കേന്ദ്രമന്ത്രിമാരുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗിനും അശ്വിനി ചൗബേയ്ക്കുമെതിരെയാണ് നിതീഷ് വിമര്‍ശനമുയര്‍ത്തിയത്.

അഴിമതി ചെയ്താലും താന്‍ പൊറുക്കുമെന്നും എന്നാല്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരം വര്‍ഗ്ഗീയ ശക്തികള്‍ക്കതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയുടെ അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും അത് ഇല്ലാതാക്കുന്ന പ്രസ്താവനകള്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അരാരിയ ഉപതിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ജയിച്ചാല്‍ മണ്ഡലം തീവ്രവാദികളുടെ കേന്ദ്രമാകുമെന്ന ഗിരിരാജ് സിംഗിന്റെ പരാമര്‍ശത്തിനെതിരെയാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയത്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ബി.ജെ.പിയെകുറിച്ചുള്ള ധാരണ മാറ്റാന്‍ പ്രയത്നിക്കണമെന്ന കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ പരാമര്‍ശത്തെ നിതീഷ് പിന്തുണച്ചു.

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗിനും അശ്വിനി ചൗബേയ്ക്കുമെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം ബിഹാര്‍ നിയമസഭയില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more