രഞ്ജി പണിക്കറിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലേലം. മധ്യകേരളത്തിലെ അബ്കാരികളുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. രഞ്ജി പണിക്കറുടെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായി പലരും ലേലത്തിനെ കണക്കാക്കുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയാണ് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍.
രഞ്ജി പണിക്കര്‍ എഴുതിയ ഏതെങ്കിലുമൊരു സ്‌ക്രിപ്റ്റ് സംവിധാനം ചെയ്യണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും ഇക്കാര്യം അച്ഛനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും നിതിന്‍ പറഞ്ഞു. ലേലത്തിന് ഒരു സീക്വല്‍ മനസില്‍ കാണുന്നുണ്ടെന്നും അത് വേണമെങ്കില്‍ തന്നോട് ചെയ്‌തോളാന്‍ പറഞ്ഞുവെന്നും നിതിന്‍ പറഞ്ഞു. അപ്പോള്‍ വന്ന ആവേശത്തില്‍ അതിന് ഓക്കെ പറഞ്ഞെന്നും നിതിന്‍ പറഞ്ഞു.
എന്നാല്‍ ജോഷി ചെയ്തുവെച്ചതുപോലെ ഒരിക്കലും തനിക്ക് ചെയ്യാനാകില്ലെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ അഭിനയത്തിന്റെ തിരക്ക് കാരണം ഇതുവരെ സ്‌ക്രിപ്റ്റ് തയാറായില്ലെന്നും മിക്കവാറും അത് ഡ്രോപ്പ് ചെയ്യുമെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ വെബ് സീരീസായ നാഗേന്ദ്രന്‍സ് ഹണിമൂണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയാ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നിതിന്‍ ഇക്കാര്യം പറഞ്ഞത്.
‘അച്ഛന്റെ സ്‌ക്രിപ്റ്റില്‍ ഒരു പടം ചെയ്യണമെന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഇത് ഞാന്‍ അച്ഛനോട് പറയുകയും ചെയ്തു. ആ സമയത്ത് പുള്ളി എന്നോട് ലേലത്തിന്റെ സീക്വല്‍ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. എന്നോട് വേണമെങ്കില്‍ അത് ഡയറക്ട് ചെയ്യാനും പറഞ്ഞിരുന്നു. അച്ഛന്‍ എഴുതിയ സ്‌ക്രിപ്റ്റുകളില്‍ എന്റെ ഏറ്റവും ഫേവറിറ്റുകളാണ് പത്രവും ലേലവും. അപ്പോഴത്തെ ആവേശത്തില്‍ ലേലം 2 ചെയ്യുമെന്ന് ഉറപ്പിച്ചു.
പക്ഷേ ജോഷി സാര്‍ ചെയ്തുവെച്ച ലെവലില്‍ ആ സിനിമ ചെയ്യാന്‍ എന്നെക്കൊണ്ട് പറ്റില്ല. അതെനിക്ക് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. എന്നെക്കൊണ്ട് പറ്റുന്ന തരത്തില്‍ ഞാനത് മികച്ചതാക്കും. പക്ഷേ അന്ന് അനൗണ്‍സ് ചെയ്തതിന് ശേഷം എനിക്കും അച്ഛനും കണ്ട് സംസാരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കുറെ സിനിമയില്‍ അഭിനയിക്കാനുള്ളതിന്റെ തിരക്ക് കാരണമാണ് അച്ഛനെ കിട്ടാത്തത്. മിക്കവാറും ആ പ്രൊജക്ട് ഡ്രോപ്പ് ചെയ്യേണ്ടി വരും,’ നിതിന്‍ പറഞ്ഞു.
Content Highlight: Nithin Renji Panicker saying that Lelam 2 might be drop