| Friday, 26th July 2024, 11:30 am

ഉര്‍വശി ചേച്ചിയെ മനസില്‍ കണ്ടിട്ടാണ് ഞാന്‍ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഉണ്ടാക്കിയത്: നിതിന്‍ രഞ്ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കറിന്റെ മകനാണ് നിതിന്‍ രഞ്ജി പണിക്കര്‍. സഹസംവിധായകനായി കരിയര്‍ തുടങ്ങിയ നിതിന്‍ മമ്മൂട്ടിയെ നായകനാക്കിയ കസബ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. സുരേഷ് ഗോപിയെ നായകനാക്കി 2021ല്‍ പുറത്തിറങ്ങിയ കാവലിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ നാഗേന്ദ്രന്‍സ് ഹണിമൂണിലൂടെ വെബ് സീരീസ് രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് നിതിന്‍.

ഏതെങ്കിലും ആര്‍ട്ടിസ്റ്റിനെ മനസില്‍ കണ്ടുകൊണ്ടാണോ കഥകള്‍ എഴുതുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിതിന്‍. ആരെയും മനസില്‍ കണ്ടുകൊണ്ട് ഒരു കഥയും എഴുതാറില്ലെന്നും എന്നാല്‍ എഴുത്തിന്റെ ഒരു ഘട്ടത്തില്‍ ആ കഥാപാത്രമായി ഏതെങ്കിലും ആര്‍ട്ടിസ്റ്റിന്റെ മുഖം നമ്മുടെ മനസില്‍ തെളിയുമെന്നും നിതിന്‍ പറഞ്ഞു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ആര്‍ട്ടിസ്റ്റോ, അല്ലെങ്കില്‍ ആക്ടീവല്ലാത്ത ആര്‍ട്ടിസ്‌റ്റോ മനസില്‍ വരാറുണ്ടെന്നും നിതിന്‍ പറഞ്ഞു.

അങ്ങനെയുള്ള അവസരത്തില്‍ എഴുത്ത് മുഴുവന്‍ തീര്‍ത്ത ശേഷം അവര്‍ക്ക് പകരം വെക്കാന്‍ കഴിയുന്ന ഏതെങ്കിലും ആര്‍ട്ടിസ്റ്റിനെ സമീപിക്കുമെന്നും നിതിന്‍ പറഞ്ഞു. ലില്ലിക്കുട്ടി എന്ന കഥാപാത്രം എഴുതിയ സമയത്ത് ഉര്‍വശിയെയായിരുന്നു മനസില്‍ കണ്ടെതെന്നും പിന്നീടാണ് ഗ്രേസിലേക്ക് എത്തിയതെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു. റേഡിയോ മിര്‍ച്ചിയോട് സംസാരിക്കുകയായിരുന്നു നിതിന്‍.

‘എഴുതുന്നതിന് മുമ്പ് ആരെയും നമ്മള്‍ മനസില്‍ കാണാറില്ല. അങ്ങനെ ചെയ്താല്‍ അത് നമ്മുടെ എഴുത്തിനെ വല്ലാതെ ബാധിക്കും. പക്ഷേ എഴുതി പകുതിയാകുമ്പോള്‍ ഏതെങ്കിലും ആര്‍ട്ടിസ്റ്റിനെ നമ്മള്‍ ആ കഥാപാത്രമായി മനസില്‍ കാണും. അതിപ്പോള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകാം. അല്ലെങ്കില്‍ ആ കഥാപാത്രം ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ആക്ടീവല്ലാതെ നില്‍ക്കുന്നവരുമായിരിക്കാം.

ലില്ലിക്കുട്ടി എന്ന കഥാപാത്രം എഴുതി ഒരു ഘട്ടമെത്തിയപ്പോള്‍ എന്റെ മനസില്‍ വന്നത് ഉര്‍വശി ചേച്ചിയുടെ മുഖമാണ്. ആ കഥാപാത്രത്തിന്റെ മാനറിസങ്ങളെല്ലാം ഉര്‍വശി ചേച്ചി ചെയ്യുന്നതായി സങ്കല്‍പിച്ചാണ് പിന്നീട് എഴുതിയത്. പക്ഷേ ചേച്ചിക്ക് ഇപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ പറ്റാത്ത അവസ്ഥയായതുകൊണ്ട് വേറെ ആര് ചെയ്യുമെന്ന് ആലോചിച്ചു. പിന്നീടാണ് ഗ്രേസിലേക്ക് എത്തിയത്,’ നിതിന്‍ പറഞ്ഞു.

Content Highlight: Nithin Renji Panicker saying that he imagined Urvashi as Lillykutty in Nagendran’s Honeymoon

We use cookies to give you the best possible experience. Learn more