മാസ് സിനിമകൾ ഒരുക്കി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഷാജി കൈലാസ്. ദി ന്യൂസ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ ഷാജി കൈലാസ് പിന്നീട് ട്രാക്ക് മാറ്റി പിടിക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ കണ്ടത്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ താരപരിവേഷം ഉയർത്തുന്നതിൽ ഷാജി കൈലാസിന്റെ കഥാപാത്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൂവള്ളി ഇന്ദുചൂഡൻ, അറക്കൽ മാധവനുണ്ണി തുടങ്ങിയവരെല്ലാം ആരാധകർ ആഘോഷിച്ച കഥാപാത്രങ്ങളാണ്.
തന്റെ നായകൻമാർക്ക് ഗംഭീര ഇൻട്രോയും ഷാജി കൈലാസ് നൽകാറുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നിധിൻ രഞ്ജിപണിക്കർ. മലയാള സിനിമയിൽ നായകന്റെ ഇൻട്രോകളിൽ വലിയ ഇമ്പാക്ട് കൊണ്ട് വന്ന സംവിധായകനാണ് ഷാജി കൈലാസെന്നും ജോഷിക്കും ഐ.വി. ശശിക്കുമെല്ലാം മറ്റൊരു രീതിയായിരുന്നുവെന്നും നിധിൻ പറയുന്നു.
ഷാജി കൈലാസ് സെറ്റ് ചെയ്യുന്ന ഷോട്ടുകളെല്ലാം തമിഴ്, ഹിന്ദി ചിത്രങ്ങളെ വെല്ലുന്നതായിരുന്നുവെന്നും നിധിൻ പറഞ്ഞു. പുതിയ വെബ് സീരീസ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ ഭാഗമായി ദി നെക്സ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു
‘മലയാള സിനിമയിൽ സ്ലോ മോഷനിലൂടെയെല്ലാം നായകന്റെ ഇൻട്രോക്ക് വലിയ ഇമ്പാക്ട് കൊണ്ട് വന്നത് ഷാജി കൈലാസാണ്. എന്റെ ഒരു ചെറിയ അറിവ് വെച്ചാണ് ഞാൻ പറയുന്നത്.
അതിന് മുമ്പ് ജോഷി സാർ ആവട്ടെ, ഐ.വി. ശശി സാർ ആവട്ടെ, അവർ ചെയ്ത് കൊണ്ടിരുന്ന മാസ് സീൻ മെയിൻ സ്ട്രീം സിനിമകളിലെല്ലാം മറ്റൊരു തരത്തിലുള്ള ഇൻട്രോയായിരുന്നു.
മംഗലശ്ശേരി നീലകണ്ഠനും ബൽറാമുമൊന്നും അങ്ങനെയല്ല വന്നത്. ജോഷി സാറിന്റെ ന്യൂ ഡൽഹിയിലെ ജെ. കെ അങ്ങനെയല്ല വന്നത്. ഷാജി സാറാണ് അങ്ങനെയൊരു ഇമ്പാക്ട് മലയാള സിനിമയിൽ കൊണ്ടുവന്നത്.
എനിക്ക് തോന്നുന്നില്ല, അന്ന് തമിഴ് സിനിമയിലോ തെലുങ്കിലോ ഹിന്ദിയിലോയൊന്നും അദ്ദേഹം വെക്കുന്ന പോലുള്ള ഷോട്ടുകളോ, മ്യൂസിക്കോ ഉപയോഗിച്ചിട്ടില്ല. അത് നമ്മൾ നന്നായി എൻജോയ് ചെയ്തിട്ടുണ്ട്,’നിധിൻ രഞ്ജി പണിക്കർ പറയുന്നു.
Content Highlight: Nithin Ranjipanikkar Talk About Shaji Kailas