| Monday, 8th August 2022, 9:20 pm

താരനായക ആണത്തത്തില്‍ നിന്ന് സിനിമയെ മോചിപ്പിച്ച 'സൂപ്പര്‍ സ്റ്റാര്‍'

നിധിന്‍ നാഥ്

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം മലയാള സിനിമയെന്നാല്‍ അത് ഫഫദ് ഫാസില്‍ എന്ന സിനിമ പ്രവര്‍ത്തകന്‍ എന്ന് കൂടിയാണ്. അത്രയോളം നമ്മുടെ സിനിമയെ ആളായാള്‍ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. പലരും പല തവണ പറഞ്ഞ പോലെ കൈ എത്തും ദൂരത്ത് നിന്ന് തിരിഞ്ഞ് നടന്ന ഫഹദില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ തിരിച്ചുവരവില്‍ അയാള്‍ കെട്ടിയാടിയ വേഷങ്ങള്‍ നമുടെ കാഴ്ചപ്പാടിന്റെ സിനിമ സങ്കല്‍പങ്ങളുടെ പുനര്‍നിര്‍മാണം കൂടിയാണ്. ആ വീണ്ടെടുപ്പിനകത്ത് സാധ്യമായത് ഫഹദ് എന്ന സ്റ്റാര്‍ കിഡില്‍ നിന്ന് നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച് മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്.

ഉറച്ച ഉള്ളടക്ക കരുത്തില്‍ മലയാള സിനിമക്ക് ആഗോള ശ്രദ്ധ കിട്ടുന്ന കാലത്തിലേക്ക് വഴിവെട്ടിയവരില്‍ പ്രധാനി. നടനപ്പുറം നായകനും താരവുമാണ് വലുതെന്ന് കരുതിയവര്‍ക്കിടയിലാണ് ചാപ്പാ കുരിശിലെ അര്‍ജന്‍ സാധ്യമായത്. 22 എഫ്.കെയിലെ വില്ലനിഷ് കഥാപാത്രങ്ങള്‍ തൊട്ട് തുടര്‍ന്നിങ്ങോട്ട് പകര്‍ന്നാടിയ നിരവധി കഥാപാത്രങ്ങള്‍.

താരനായക ആണത്ത സിനിമ സ്വഭാവത്തില്‍ നിന്നുള്ള മോചന വഴിയിലെ പ്രധാനി. തിയേറ്ററാനന്തര സിനിമ കാഴ്ചയുടെ കാലത്ത് നിരന്തര സിനിമകള്‍ അയാള്‍ ഭാഗമായി സൃഷ്ടിക്കപ്പെട്ടത് സ്റ്റാര്‍ കള്‍ച്ചറിനപ്പുറത്തേക്ക് കാമ്പുള്ള ഉള്ളടക്കം സിനിമ്ക്ക് ആദ്യ പരിഗണനയായി മാറ്റിയ കലാകാരന്‍ എന്ന നിലയിലായിരിക്കണം.

താരങ്ങളുടെ കെട്ടുകാഴ്ചയ്ക്ക് സാധ്യതയില്ലാത്ത തിയേറ്ററാനന്തര ലോകത്തിന്റെ ‘സൂപ്പര്‍ സ്റ്റാറായി’ അയാള്‍ മാറിയതും മാറിയ/മാറ്റിയ സിനിമ സമീപനത്തിനാലാണ്. അടക്കി വാണിരുന്നവര്‍ വീണതും അവിടെ പുതിയവര്‍ നടന്നുകയറിയതും നമ്മുടെ സിനിമയുടെ മാറ്റവഴിയുടെ മേന്മയാണ്. അതിന് സാധ്യമാക്കിയവരില്‍ ആദ്യ പേരാണ് ഫഹദ് ഫാസില്‍.

നടനപ്പുറം നിര്‍മാതാവായും അയാള്‍ നടത്തിയ ധീര ഇടപെടലുകളുണ്ട്. കൊവിഡില്‍ ഒരു തൊഴില്‍ മേഖല നിശ്ചലമായാപ്പോള്‍ സി യൂ സൂണ്‍ സംഭവിച്ചത് ഫഹദ് എന്ന നിര്‍മാതാവില്‍ നിന്നാണ്.
കണ്ണില്‍ വിരിയുന്ന സ്വഭാവികമായ അസ്വഭാവികത നിറഞ്ഞ ഭാവങ്ങള്‍, വൈകാരിക താളങ്ങള്‍ സൃഷ്ടിച്ച അഭിനയ പരിസരം കൊണ്ട് തീര്‍ത്ത വിസ്മയത്തിന്റെ പുതിയ അനുഭൂതികള്‍, പിറവിയെടുക്കാന്‍ ഇനിയും ബാക്കി നില്‍ക്കുന്ന ആവിഷ്‌കാരങ്ങള്‍. ആശംസകള്‍ ഫഹദ് ഫാസില്‍.

CONTENT HIGHLIGHT: Nithin Nath’s writ up about actor Fahad Fasil

നിധിന്‍ നാഥ്

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more