| Tuesday, 14th March 2023, 11:14 am

അനീതികളെ ഇല്ലായ്മ ചെയ്യാന്‍ ഭൂമിയിലേക്ക് അവതരിച്ച അവതാരം; യോഗി ശ്രീകൃഷ്ണന് തുല്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യോഗി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണത്തിലായെന്നും, കുറ്റകൃത്യ നിരക്ക് ക്രമാതീതമായി കുറഞ്ഞെന്നും ഗഡ്ക്കരി പറഞ്ഞു. യോഗി ആദിത്യനാഥ് ശ്രീകൃഷ്ണ ഭഗവാന് തുല്യമാണെന്നും അനീതികളെ അവസാനിപ്പിക്കാന്‍ വേണ്ടി ഭൂമിയിലേക്ക് അവതരിച്ച അവതാരമാണെന്നും ഗഡ്ക്കരി പറഞ്ഞു.

13500 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നാഷണല്‍ ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗഡ്ക്കരി. ഉത്തര്‍പ്രദേശിലെ റോഡുകളെ അമേരിക്കയിലെ റോഡുകള്‍ പോലെ സുന്ദരമാക്കുമെന്ന് നേരത്തെ ബി.ജെ.പി പറഞ്ഞിരുന്നു. ഇതിലേക്ക് ചേര്‍ന്നാണ് പുതിയ പദ്ധതിയെന്നാണ് ബി.ജെ.പിയുടെ വാദം.

‘യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ജനങ്ങളെ തെറ്റായ പ്രവര്‍ത്തികളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഞാന്‍ നന്ദി അറിയിക്കുകയാണ്.

അടുത്തിടെ ഭാര്യയുമായി നടത്തിയ സംഭാഷണത്തിനിടയില്‍ അവള്‍ എന്നോട് യു,പിയെ കുറിച്ച് ചോദിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ യോഗി സര്‍ക്കാര്‍ നടത്തിയ കര്‍മപദ്ധതികളെ കുറിച്ച് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു.

ഭഗവത് ഗീതയിലെ ചില ഭാഗങ്ങളായിരുന്നു അന്ന് എന്റെ ഭാര്യ എനിക്ക് നല്‍കിയ മറുപടി. അനീതി ഉണ്ടാകുമ്പോഴെല്ലാം അതിനെ പ്രതിരോധിക്കാന്‍ താന്‍ അവതരിക്കുമെന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ടൈന്ന് അവള്‍ എന്നെ ഓര്‍മിപ്പിച്ചു.

ഭഗവാന്‍ കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് മോദിയുടേയും. നികൃഷ്ച മനോഭാവക്കാര്‍ക്കെതിരെ അദ്ദേഹം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിന് സമാനമാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതും. വിമാനത്തില്‍ പോയിരുന്നവര്‍ റോഡ് മാര്‍ഗം രാജ്യത്തുടനീളം സഞ്ചരിക്കുന്ന സാഹചര്യമുണ്ടാകും. മോദിജിയുടെ അധികാരത്തില്‍ രാജ്യത്തിന്റെ ഘടനയ്ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നത്,’ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വീടുകളും മറ്റ് കെട്ടിടങ്ങളും കൈയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി യോഗി സര്‍ക്കാര്‍ പൊളിച്ചുനീക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ യോഗിയുടെ നടപടികളില്‍ യു.പിയുടെ ചിത്രം മാറുകയാണെന്നും സന്തോഷമുള്ള സംസ്ഥാനമായിയു.പി മാറുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഗഡ്ക്കരി പറഞ്ഞു.

Content Highlight: Nithin Gadkari says Yogi adithyanath is just like lord sri krishna

We use cookies to give you the best possible experience. Learn more