| Wednesday, 10th June 2020, 8:44 am

നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു; ആതിരയെ കാണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നിയമ യുദ്ധം നടത്തിയ നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്.

എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. നിതിന്റെ ഭാര്യ ആതിര പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ഇവരെ കാണിക്കാനായി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും.

അതിന് ശേഷമാണ് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. വൈകീട്ട് സംസ്‌ക്കാരം നടത്തും. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് നിതിന്‍ മരിക്കുന്നത്.

കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ വിദേശ നാടുകളില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ പ്രവാസി മലയാളിയാണ് ആതിര.

ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോയി ചെയ്തിരുന്ന നിതിന്‍ ചന്ദ്രന്‍ ഭാര്യയ്ക്ക് ഇക്കാര്യത്തില്‍ ഉറച്ച പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രവാസ സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിലെയും ബ്ലഡ് ഡോണേര്‍സ് കേരളയിലെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്ത് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. ആറ് വര്‍ഷമായി ദുബായിലായിരുന്നു ഇദ്ദേഹം.
ആതിരയുടെ നിയമപോരാട്ടം ഫലം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ ആതിരയ്ക്ക് പോവാനായത് വലിയ വാര്‍ത്തയായിരുന്നു.

നിതിനും നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കിലും അത്യാവശ്യക്കാര്‍ക്ക് വേണ്ടി യാത്ര മാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more