2017ല്‍ റിലീസായ കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് നിതിലന്‍ സാമിനാഥന്‍. ആദ്യ ചിത്രം തന്നെ നിരവധി നിരൂപക പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തു. കുരങ്ങു ബൊമ്മൈ കഴിഞ്ഞ് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിതിലന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മഹാരാജ. തമിഴില്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഗണത്തിലാണ് മഹാരാജയെ പരിഗണിക്കുന്നത്. ബോക്‌സ് ഓഫീസിലും ചിത്രം വന്‍ വിജയമായിരുന്നു.
മണിരത്‌നത്തിന് ശേഷമുള്ള ജനറേഷനില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ത്യാഗരാജന്‍ കുമാരന്‍, വെട്രിമാരന്‍, കാക്കാ മുട്ടൈ മണികണ്ഠന്‍ എന്നിവരെയാണെന്ന് പറയുകയാണ് നിതിലന്‍ സാമിനാഥന്‍. അവര്‍ മൂന്ന് പേരും തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ച് തന്നിട്ടുണ്ടെന്നും അവരുടെ സിനിമകള്‍ കണ്ടാണ് താന്‍ സിനിമ പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്യാഗരാജന്‍ കുമാരനോടുള്ള തന്റെ ആരാധനയെ കുറിച്ചും നിതിലന്‍ സംസാരിച്ചിരുന്നു. ആരണ്യകാണ്ഡം എന്ന ത്യാഗരാജന്റെ സിനിമയുടെ പോസ്റ്ററാണ് തന്റെ ഫോണിന്റെ വാള്‍പേപ്പറെന്നും അതിന് മുമ്പ് ത്യാഗരാജന്റെ ഫോട്ടോയായിരുന്നു വാള്‍പേപ്പറായി വെച്ചതെന്നും അദ്ദേഹം പറയുന്നു. തനിക്ക് പ്രിയപ്പെട്ട സിനിമ ആരണ്യകാണ്ഡമാണെന്നും അതിലെ ഡയലോഗുകള്‍ വരെ മനഃപാഠമാണെന്നും നിതിലന്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിയുന്നു അദ്ദേഹം.
‘മണിരത്‌നത്തിന് ശേഷമുള്ള ജനറേഷനില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ത്യാഗരാജന്‍ കുമാരന്‍ സാര്‍, വെട്രിമാരന്‍, കാക്കാ മുട്ടൈ മണികണ്ഠന്‍ സാര്‍ എന്നിവരെയാണ്. ഇവര്‍ മൂന്നു പേരുമാണ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ച് തന്നിട്ടുള്ളത്. അവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ സിനിമയെടുക്കാന്‍ പഠിക്കുന്നത്.
ആരണ്യകാണ്ഡം എന്ന ത്യാഗരാജന്‍ സാറിന്റെ സിനിമയുടെ പോസ്റ്ററാണ് എന്റെ ഫോണിന്റെ വാള്‍പേപ്പര്‍. ത്യാഗരാജന്‍ സാറും ഞാനുമുള്ള ഫോട്ടോ എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ആരണ്യകാണ്ഡം സിനിമയുടെ പോസ്റ്റര്‍ വെക്കുന്നതിന് മുമ്പ് ത്യാഗരാജന്‍ സാറിന്റെ ഫോട്ടോയായിരുന്നു എന്റെ വാള്‍പേപ്പര്‍.
ഫേസ്ബുക്കിലെല്ലാം ആദ്യം അകീര നിതിലന്‍ എന്നാണ് ഞാന്‍ പേരുതന്നെ വെച്ചിരുന്നത്. ആരണ്യകാണ്ഡം എന്ന ത്യാഗരാജിന്റെ സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അതിലെ ഡയലോഗുകള്‍ വരെ എനിക്ക് മനഃപാഠമാണ്,’ നിതിലന്‍ സാമിനാഥന്‍ പറയുന്നു.
Content Highlight: Nithilan Swaminathan Talks About His Favourite Directors