| Thursday, 20th June 2024, 1:49 pm

ഓള്‍ഡ് ബോയ് മാത്രമല്ല, മഹാരാജക്ക് ഒരുപാട് സിനിമകളുമായി സാമ്യമുണ്ട്: നിതിലന്‍ സ്വാമിനാഥന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് മഹാരാജ. വിജയ് സേതുപതി നായകനായ ചിത്രം ഇതിനോടകം തന്നെ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. വിജയ് സേതുപതിയുടെ 50ാമത്തെ സിനിമയാണ് മഹാരാജ. കുരങ്കു ബൊമ്മൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷമെടുത്താണ് നിതിലന്‍ സ്വാമിനാഥന്‍ മഹാരാജ ഒരുക്കിയത്.

നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയുന്ന കെട്ടുറപ്പുള്ള തിരക്കഥയാണ് മഹാരാജയുടെ വിജയരഹസ്യം. ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ ഓള്‍ഡ് ബോയ് എന്ന കൊറിയന്‍ സിനിമയുമായി മഹാരാജക്ക് സാമ്യമുണ്ടെന്ന് പലരും പറയുന്നുണ്ട്.

അതിനോട് പ്രതികരിക്കുകയാണ് സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍. ഓള്‍ഡ് ബോയ് മാത്രമല്ല, മറ്റ് പല സിനിമകളുമായും മഹാരാജക്ക് സാമ്യമുണ്ടെന്ന് നിതിലന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രസ്മീറ്റിനായി കൊച്ചിയിലെത്തിയ ശേഷം ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നിതിലന്‍.

‘സ്‌ക്രിപ്റ്റ് എഴുതി തീരുമ്പോള്‍ ഈ ചോദ്യം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ പടത്തിന്റെ പ്രീ പ്രൊഡക്ഷന്‍ തുടങ്ങിയപ്പോഴാണ് ഇരട്ട റിലീസായത്. ഓള്‍ഡ് ബോയ് മത്രമാണ് എല്ലാവരും എടുത്ത് പറയുന്നത്. അത് എന്തുകൊണ്ടാണെന്നറിയില്ല. ഫ്രഞ്ച് സിനിമ ഇന്‍സെന്‍ഡീസ്, കിം കി ഡുക്കിന്റെ മോബി.സ്, ഗ്രീക്ക് മിത്തോളജിയിലെ കഥ. അങ്ങനെ ഒരുപാട് കഥകളുമായി സാമ്യമുണ്ട്,’ നിതിലന്‍ പറഞ്ഞു.

ബോളിവുഡ് താരം അനുരാഗ് കശ്യപാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, അഭിരാമി, സിങ്കം പുലി, നടരാജ സുബ്രമണ്യം(നട്ടി), അരുള്‍ ദോസ് തുടങ്ങി വന്‍ താരനിര മഹാരാജയിലുണ്ട്. കാന്താര, മംഗളവാരം എന്നീ ചിത്രങ്ങള്‍ക്ക് അജനേഷ് ലോകനാഥ് സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്.

Content Highlight: Nithilan Swaminathan about the similarities of Maharaja with Old Boy movie

We use cookies to give you the best possible experience. Learn more