ഇതൊരു സ്വയം വിമര്‍ശനമാണ്. എന്നോട്, എനിക്കൊപ്പം ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണം ചെയ്യുന്ന ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന വിദ്യാര്‍ഥി സമൂഹത്തോട്
മരിക്കില്ല, പൊരുതും എന്ന് പ്രഖ്യാപിച്ച് മഹാരാഷട്രയിലെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന കര്‍ഷകരെക്കുറിച്ച് എല്ലാവരും എഴുതുന്നു, ആവേശം കൊള്ളുന്നു. നല്ലത്, പക്ഷേ ചോദ്യം അതല്ല. കീഴടങ്ങാത്ത മനുഷ്യരുടെ ഈ മഹത്തായ ചെറുത്ത് നില്‍പ്പ് എനിക്കും നിങ്ങള്‍ക്കും പഠന വിഷയമാണോ എന്നതാണ്. നാളെ, ഇന്ത്യയിലെ കര്‍ഷകരെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് മനസിലാകും വിധം നമുക്കിത് രേഖപ്പെടുത്തി വെക്കാന്‍ സാധിക്കുമോ എന്നതാണ്. ഇടതുപക്ഷത്തെ പരിഹസിച്ച് ആത്മരതിയടയുന്ന അസംബന്ധ ജഡിലമായ അക്കാദമിക പരിസരങ്ങളില്‍ ഇടിമുഴക്കം പോലെ ഈ പൊട്ടിയ ചെരിപ്പുകള്‍ തുന്നിക്കെട്ടി നടക്കുന്ന മഹാമനുഷ്യരുടെ മുദ്രാവാക്യങ്ങളെ കേള്‍പ്പിക്കാനാകുമോ എന്നതാണ്. അവരുടെ ചരിത്രം എഴുതപ്പെടുമോ എന്നതാണ്.
അനീതിയുടെ കാലത്ത് കലാപങ്ങള്‍ ഉണ്ടായിരുന്നോ എന്നറിയാന്‍ അക്കാലത്തെ സാഹിത്യം പരിശോധിക്കപ്പെടുമെന്ന് എഴുതിയത് ബ്രഹ്ത് ആണ്. നമ്മളത് ചെയ്യുമോ എന്നതാണ് ചോദ്യം.
അങ്ങനെ ചെയ്യാന്‍ നമുക്ക് ഇതുവരെ സാധിച്ചിരുന്നുവെങ്കില്‍ 1938 നവമ്പര്‍ മാസം ഒന്നിന് എന്റെ നാടായ കക്കറയില്‍ വച്ച് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അടിമ തൊഴിലാളി സംഘത്തെക്കുറിച്ച് നമ്മള്‍ അറിഞ്ഞേനെ. കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റ് ബോഡി എന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞ ഹരിജന്‍ ലീഗ് എന്ന തൊട്ടുകൂടാത്തവര്‍ക്ക് മാത്രം അംഗത്വമുണ്ടായിരുന്ന സമര പ്രസ്ഥാനത്തെക്കുറിച്ച് അറിഞ്ഞേനെ.
വടകരയില്‍ നടന്ന കുളിസമരവും പയ്യന്നൂരിലും എരമത്തും കുറ്റൂരും കരിവെള്ളൂരും വെള്ളോറയിലും ഉള്‍പ്പടെ എത്രയോ ഇടങ്ങളില്‍ ജാതിക്കോമരങ്ങളെ വെല്ലുവിളിച്ച് കമ്യൂണിസ്റ്റുകാര്‍ നടത്തിയ പന്തിഭോജനവും ജാതിയെക്കുറിച്ച് നമ്മുടെ പൂര്‍വികര്‍ മിണ്ടിയില്ല എന്ന പെരും നുണയുടെ മുനയൊടിച്ചേനെ.
താഴ്ന്ന ജാതിക്കാര്‍ പ്രവേശിക്കരുതെന്ന തിട്ടൂരത്തെ തൃണവല്‍ക്കരിച്ച് എല്ലാവരെയും കൂട്ടി വഴി നടന്നതിന് കണ്ടോത്തെ ജാതി തെമ്മാടികളുടെ അടിയേറ്റ് വീണ എ കെ ജിയുടെയും കൂട്ടരുടെയും ചരിത്രം ചിരപരിചിതമായി മാറിയേനെ. മലബാര്‍ കലാപത്തെ മഹത്തായ സ്വാതന്ത്രസമരമായി വിലയിരുത്തിയതിന്, മാപ്പിള കര്‍ഷകരുടെ ദേശസ്‌നേഹത്തെ ജീവന്‍ പോയാലും താന്‍ പുകഴ്ത്തുക തന്നെ ചെയ്യുമെന്ന് പ്രസംഗിച്ചതിന് ജയിലിലടക്കപ്പെട്ട അതേ എ.കെ.ജി ഗവേഷണ പ്രബന്ധങ്ങളില്‍ വന്നേനെ.
നമ്പൂതിരിയോട് മനുഷ്യനാകാന്‍ പറഞ്ഞ ഇ.എം.എസിന്റെ ബോധ്യം അടയാളപ്പെടുത്തപ്പെട്ടേനെ. ദളിതന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ചെങ്കൊടി പിടിച്ച ആദ്യ നിയമസഭയിലെ എം.എല്‍.എ കല്ലളന്‍ വൈദ്യന്റെയും അംബേദ്ക്കറിനും ഗോദാവരി പാരുലേക്കറിനുമൊപ്പം ഒരു പോലെ പോരാടിയ സഖാവ് ആര്‍ ബി മോറെ യുടെയും ചാത്തുണ്ണി മാസ്റ്ററുടെയും സി എച്ച് കണാരന്റെയും നിലപാടുകള്‍ അക്കാദമിക ഗ്രന്ഥങ്ങളില്‍ വന്നേനെ.
ഫ്യൂഡല്‍ മാടമ്പിമാര്‍ക്കെതിരെ ജീവന്‍ കൊടുത്ത് പൊരുതിയ കീഴ് വേണ്‍മണിയിലെ രക്തസാക്ഷികള്‍ നിരന്തരം എഴുതപ്പെട്ടേനെ. കയ്യൂരും കരിവെള്ളൂരും മുനയന്‍കുന്നം മൊറാഴയും തില്ലങ്കേരിയും ഒഞ്ചിയവും കൂത്താളിയും പുന്നപ്രയും വയലാറും ഇടതുപക്ഷത്തെ അധിക്ഷേപിക്കുന്നവരുടെ വായടപ്പിച്ചേനെ. സമ്പന്നമായ ചരിത്രത്തിന് മുന്നില്‍ നമ്മള്‍ തലയുയര്‍ത്തി നിന്നേനെ.
ഹരിയാനയില്‍, ഉത്തര്‍ പ്രദേശില്‍, ഒഡീഷയിലെ ഉള്‍പ്രദേശങ്ങളില്‍ രണ്ടായിരം രൂപ തികച്ച് ശബളം ലഭിക്കാത്ത അംഗനവാടി ജീവനക്കാര്‍ സിഐടിയു നേതൃത്വത്തില്‍ സമരത്തിലാണ്. രാജസ്ഥാനില്‍ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. നാളെ മുതല്‍ ലഖ്‌നൗവില്‍ സമരമാണ്. ഇങ്ങനെ ഇനിയുമെത്ര.. ഇതൊക്കെ മനുഷ്യ ജീവിതങ്ങളാണെന്നും ഗവേഷണ വിഷയങ്ങള്‍ ആകണമെന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കണമായിരുന്നു. എങ്കില്‍, തെരുവ് പ്രസംഗങ്ങളോട് പുച്ഛമുള്ള, ചരിത്രത്തെ ചലനാത്മകമല്ലാത്ത വരട്ട് നൊസ്റ്റാള്‍ജിയ മാത്രമായി കാണാന്‍ ശീലിച്ച, തന്റെ ജീവിതമൊഴിച്ച് മറ്റെല്ലായിടത്തും ജനാധിപത്യം വേണമെന്ന് കരുതുന്ന ഇരട്ടത്താപ്പുകാര്‍, ഏറ്റവും സുരക്ഷിതമായ കോണിലിരുന്ന് ഇത്ര സ്വസ്ഥമായി വീമ്പ് പറയാന്‍ ധൈര്യപ്പെടില്ലായിരുന്നു.
ചെറുതും ശാന്തവുമായ ദീപ നാളം പോലെ രാജ്യം കത്തിയെരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിന് ഞങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു എന്ന് പറയുന്നവര്‍ എങ്ങനെ ചെറുത്ത് നില്‍ക്കണം എന്ന സെമിനാര്‍ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തില്ലായിരുന്നു.
ഇതുവരെ നിര്‍മ്മിക്കപ്പെട്ട ഒന്നിനെയും അലോസരപ്പെടുത്തില്ല എന്ന് വാശി പിടിക്കരുത്. അദ്ധ്വാനിക്കുന്ന മനുഷ്യര്‍ വ്യവസ്ഥകളെ അട്ടിമറിക്കുമ്പോള്‍, സ്വന്തം പരിസരങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വസ്തുതകള്‍ പറയാനെങ്കിലും പറ്റണ്ടേ.
വരും തലമുറകള്‍ പെരും നുണയുടെ സൈദ്ധാന്തിക വത്കരണം കേട്ട് കേട്ട് ഇടതുപക്ഷത്തെ ഒരു അപസര്‍പ്പക കഥ പോലെ മനസിലാക്കാതിരിക്കണമെങ്കില്‍ ഇന്നാട്ടിലെ പൊരുതുന്ന മനുഷ്യരുടെ ചരിത്രം ക്ലാസ് മുറികളില്‍ ഉച്ചത്തില്‍ പറയാന്‍ നമുക്കാവണം. പാഠപുസ്തകങ്ങളില്‍ എഴുതിവെക്കാന്‍ നമുക്കാവണം. നമുക്ക് മുന്നേ ഇവിടങ്ങളില്‍ വന്ന് പോയവര്‍ക്ക് പറ്റിയ പിഴവ് തിരുത്താന്‍ നമുക്കാവണം. മറ്റാരും അതിനില്ല. നമ്മളുണ്ടോ എന്നതാണ് ചോദ്യം. ഈ മനുഷ്യരോട് നമ്മള്‍ നീതി കാണിക്കുമോ എന്ന്….