| Wednesday, 19th September 2018, 4:19 pm

എ.ബി.വി.പി ലക്ഷ്യമിടുന്നത് ജെ.എന്‍.യുവില്‍ എന്നെന്നേക്കുമായി തെരഞ്ഞെടുപ്പ് ഇല്ലാതാക്കാന്‍: ജെ.എന്‍.യു വിദ്യാര്‍ഥി നിതീഷ് നാരായണന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ അക്രമങ്ങള്‍ സൃഷ്ടിക്കുക വഴി എ.ബി.വി.പി ലക്ഷ്യമിടുന്നത് എന്നെന്നേക്കുമായി അവിടെ തെരഞ്ഞെടുപ്പ് ഇല്ലാതാക്കുകയെന്നതാണെന്ന് ജെ.എന്‍.യു വിദ്യാര്‍ഥിയും എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗവുമായ നിതീഷ് നാരായണന്‍.

“വലിയൊരു പ്രശ്‌നമുണ്ടാക്കിയിട്ട് അവിടുത്തെ തെരഞ്ഞെടുപ്പ് എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.” നിതീഷ് നാരായണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. എ.ബി.വി.പിക്ക് വോട്ടു ചെയ്തില്ലെന്ന് പറഞ്ഞ് ചില കുട്ടികളെ മര്‍ദ്ദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പൊലീസ് ഒന്നും ചെയ്യുന്നില്ല. ഇവിടുത്തെ സെക്യൂരിറ്റിപോലും അക്രമികളെ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ നിരുപാധികം വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാര്‍

അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണ് ജെ.എന്‍.യുവിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സര്‍വകലാശാലയിലെ മൂന്ന് കവാടങ്ങളില്‍ക്കൂടിയുമുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. ദല്‍ഹി പൊലീസിലെയും സി.ആര്‍.പി.എഫിലേയും ഉദ്യോഗസ്ഥരാണ് കവാടങ്ങള്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കുന്നത്. പുതിയ യൂണിയന്‍ ഭാരവാഹികളുടെ ഓഫീസ് പോലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

ജെ.എന്‍.യു വോട്ടെണ്ണലിനിടെ നിതീഷ് നാരായണന്‍ അടക്കമുള്ളവര്‍ക്കുനേരെ എ.ബി.വി.പി അക്രമമഴിച്ചുവിട്ടിരുന്നു. ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് നിതീഷ് പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more