'പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാകുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയും'; നിതീഷ് കുമാര്‍
national news
'പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാകുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയും'; നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th November 2023, 10:26 am

പട്‌ന: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യകതയെ കുറിച്ചുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വേയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പരാമര്‍ശം.

‘ഒരു പെണ്‍കുട്ടി ഉന്നതവിദ്യാഭ്യാസം നേടിയാല്‍ ശരാശരി പ്രത്യുല്‍പ്പാദന നിരക്ക് രണ്ട് ശതമാനമായി കുറയും’, അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള നിതീഷിന്റെ പരാമര്‍ശത്തില്‍ വനിത എം.എല്‍.എമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
‘മുഖ്യമന്ത്രിക്ക് 70 വയസ്സ് പിന്നിട്ടിരിക്കുന്നു.അസംബന്ധമായ പരാമര്‍ശങ്ങളാണ് നടത്തിയത്. നമുക്ക് ഉച്ചരിക്കാനാവാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഇതിനെതിരെ എല്ലാ സ്ത്രീകളും പ്രതിഷേധിക്കണം,’ബി.ജെ.പി എം.എല്‍.എ ഗായത്രി ദേവി പറഞ്ഞു.

‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിനേക്കാള്‍ അശ്ലീലമായ ഒരു നേതാവ് ഉണ്ടായിട്ടില്ല. നിതീഷ് കുമാറിനെ അഡള്‍ട്ട്, ബി-ഗ്രേഡ് സിനിമകളുടെ അട്ട കടിച്ചതായി തോന്നുന്നു. അദ്ദേഹത്തിന്റെ ഇരട്ട അര്‍ത്ഥത്തിലുള്ള പരാമര്‍ശങ്ങള്‍ നിരോധിക്കണം. അദ്ദേഹത്തിന്റെ കൂട്ടുകെട്ട് അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് തോന്നുന്നു,’ എക്‌സ് പോസ്റ്റിലൂടെ ബീഹാര്‍ ബി.ജെ.പി നേതൃത്വം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ബീഹാറിലെ ജാതി സംവരണം 65 ശതമാനായി ഉയര്‍ത്താന്‍ നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ബിഹാര്‍ സര്‍ക്കാറിന്റെ ജാതി അടിസ്ഥാനത്തിലുള്ള സര്‍വേയില്‍ നിന്ന് 215 പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങള്‍ എന്നിവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന പൂര്‍ണ റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് അദ്ദേഹം നിര്‍ദേശം വെച്ചത്.

കേന്ദ്രത്തിന്റെ 10 ശതമാനം സംവരണം കൂടി ചേരുന്നതോടെ സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ സംവരണം 75 ശതമാനമായി ഉയരും.
ജാതി സര്‍വേയുടെ ആദ്യഘട്ട വിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ബീഹാര്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. രണ്ടാം ഘട്ടമാണ് ചൊവാഴ്ച പുറത്ത് വിട്ടത്.

സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിലധികം ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളാണെന്നായിരുന്നു സര്‍വേയുടെ കണ്ടെത്തല്‍.
ബീഹാര്‍ സര്‍ക്കാറിന്റെ നിര്‍ദിഷ്ട സംവരണം അനുസരിച്ച് പട്ടികജാതിക്ക് 20 ശതമാനവും പട്ടിക വര്‍ഗത്തിന് 2 ശതമാനവും സംവരണം ലഭിക്കും. അതേ സമയം ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങള്‍ക്ക് 43 ശതമാനം സംവരണമാണ് ലഭിക്കുക.

നിലവില്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകളില്‍ ഒ.ബി.സിക്കാര്‍ക്ക് 18 ശതമാനം സംവരണവും ഒ.ബി.സിക്കാര്‍ക്ക് 12 ശതമാനവും പട്ടികജാതിക്കാര്‍ക്ക് 16 ശതമാനവും പട്ടികവര്‍ഗത്തിന് ഒരു ശതമാനവും സംവരണമുണ്ട്.

Content Highlight: Nitheesh Kumar statement conflict