പിന്നില്‍ നിന്ന് കുത്തിയ നിതീഷിന്റെ ചതി മറക്കരുത്; അധികാരകൊതി മൂത്തവര്‍ ബീഹാറിനെ അടപടലം നശിപ്പിച്ചുവെന്ന് ലാലു പ്രസാദ് യാദവ്
national news
പിന്നില്‍ നിന്ന് കുത്തിയ നിതീഷിന്റെ ചതി മറക്കരുത്; അധികാരകൊതി മൂത്തവര്‍ ബീഹാറിനെ അടപടലം നശിപ്പിച്ചുവെന്ന് ലാലു പ്രസാദ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 2:00 pm

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ ചതി ഓര്‍മ്മിപ്പിച്ച് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. വെള്ളിയാഴ്ച്ച ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ വീഡിയോ പുറത്തിറക്കികൊണ്ടായിരുന്നു ലാലുവിന്റെ പ്രതികരണം.

”അധികാര കസേരയ്ക്ക് വേണ്ടി ബീഹാറിനെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിട്ടയാളാണ് നിതീഷ് കുമാര്‍. 2010ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ നിതീഷ് കുമാര്‍ ചതിച്ചു. 2015ല്‍ നമ്മെളെയും പിന്നില്‍ നിന്ന് കുത്തി. നിതീഷിന് നയങ്ങളില്ല, ഭരണമില്ല, ധാര്‍മ്മികതയുമില്ല”, ലാലു പ്രസാദ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ അധികാര കസേരയ്ക്ക് വേണ്ടിയുള്ള ഓട്ടത്തില്‍ ബീഹാര്‍ നശിച്ച് നാറാണക്കെല്ലെടുത്തുവെന്ന് പറയുന്നതാണ് ആര്‍.ജെ.ഡിയുടെ പുതിയ ക്യാമ്പയിന്‍ വീഡിയോ. വിദ്യാഭ്യാസം, കര്‍ഷക ക്ഷേമം, ആരോഗ്യമേഖല, തൊഴില്‍ തുടങ്ങിയെല്ലാം കസേരയ്ക്ക് വേണ്ടി ബലിയര്‍പ്പിക്കുകയായിരുന്നു എന്നും വീഡിയോയില്‍ പറയുന്നു.

നമുക്ക് അധികാരകൊതി മുത്തവരെ ഒരു പാഠം പഠിപ്പിച്ച് മുന്നോട്ട് കുതിക്കാമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

ബുധാനാഴ്ച്ച ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രാഗോപൂര്‍ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് പ്രചരണ വീഡിയോ പാര്‍ട്ടി പുറത്തിറക്കുന്നത്.

രാഷ്ട്രീയ ജനതാ ദളിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, എന്നീ പാര്‍ട്ടികളും ഭാഗമാണ്.

ഒക്ടോബര്‍ 28ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ബീഹാര്‍ സാക്ഷ്യം വഹിച്ചത്. എന്‍.ഡി.എയില്‍ നിന്ന് അവസാന നിമിഷം ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി വിട്ടുപോയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ചിരാഗ് പാസ്വാന്‍ സഖ്യം വിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ലോക് ജനശക്തി പാര്‍ട്ടിയിലേക്ക് പോയിരുന്നു. ഇത് കടുത്ത അതൃപ്തിയാണ് ജെ.ഡി.യു മുഖ്യമന്ത്രി നിതീഷ് കുമാറില്‍ ഉണ്ടാക്കിയത്.

ലോക് ജനശക്തി പാര്‍ട്ടിയും ബി.ജെ.പിയുമാണ് ബീഹാര്‍ ഭരിക്കാന്‍ പോകുന്നത് എന്ന ചിരാഗ് പാസ്വാന്റെ പ്രസ്താവനയും ജെ.ഡി.യുവിന് ഏറെ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ നിതീഷ് കുമാര്‍ തന്നെയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നറിയിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

243 അസംബ്ലി മണ്ഡലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ ഏഴിലെ അവസാനഘട്ട വോട്ടെടുപ്പിന് ശേഷം നവംബര്‍ പത്തിനാണ് ഫലം പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nitheesh kumar Backstabbed us says Lalu prasad Yadav ahead of Bihar Election