[]റിയാദ്: നിയമപരമായ രേഖകള്‍ ഇല്ലാത്തവരെ പിടികൂടുന്നതിനായി സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മൂന്നാം ദിവസവും പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രം പരിശോധന നടന്ന ജിദ്ദയില്‍ വ്യാപകമായ പരിശോധന ആരംഭിച്ചു. പച്ചക്കറി മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
രണ്ട് ദിവസത്തെ പരിശോധന കൊണ്ട് തന്നെ അബഹയിലെ ജയില്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. അതേസമയം ജയിലില്‍ ഭക്ഷണവും വെള്ളവും പോലും കിട്ടാനില്ലെന്നും പരാതിയുണ്ട്.
ജിദ്ദയില്‍ ചില മലയാളികളുടെ ക്ലിനിക്കുകളിലും പരിശോധന നടന്നു. എന്നാല്‍ മലയാളികള്‍ ആരും തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് എംബസി അറിയിച്ചു.
ഖെമീസ് മാര്‍ക്കറ്റില്‍ നിന്ന് ഇഖാമ ഇല്ലാത്തതിന്റെ പേരില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇഖാമ പുതുക്കാന്‍ നല്കിയവരെ പോലും കസ്റ്റഡിയില്‍ എടുക്കുന്നതായി ആക്ഷേപമുണ്ട്. സ്‌പോണ്‍സറുടെ സമ്മതപത്രം പോലും അംഗീകരിക്കാന്‍ പരിശോധകര്‍ തയ്യാറാവുന്നില്ല.
ജിസാനിലെ അല്‍ ത്വിവാല്‍ ചെക്ക് പോസ്റ്റ് വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച എണ്ണായിരത്തിലധികം പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തു.
വിരലടയാളം രജിസ്റ്റര്‍ ചെയ്യാതെ രാജ്യം വിടാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും ഈ ചെക്ക് പോസ്റ്റ് വഴിയാണ് കടക്കാന്‍ ശ്രമിക്കുന്നത്.