| Saturday, 30th July 2022, 3:31 pm

പാപ്പനിലെ ക്ഷുഭിതയൗവനം; ഗോകുലിനെയും കടത്തിവെട്ടിയ അപ്പന്‍-മകള്‍ കോമ്പിനേഷന്‍; സ്‌കോര്‍ ചെയ്ത് നിത പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരിടവേളക്ക് ശേഷം ജോഷി വീണ്ടും സംവിധായകനായെത്തിയ പാപ്പന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ചിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രൈം ത്രില്ലര്‍ ജോണറിലെത്തിയ ചിത്രം പ്രേക്ഷകനെ ത്രില്ലടിപ്പിച്ചാണ് കഥാഗതിയില്‍ മുന്നേറുന്നത്.

സംവിധാനത്തിലും അഭിനേതാക്കളുടെ പ്രകടനത്തിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിലുമെല്ലാം ചിത്രം മികവ് പുലര്‍ത്തുന്നുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിന്‍സിയെ അവതരിപ്പിച്ചിരിക്കുന്നത് നിത പിള്ളയാണ്. സുരേഷ് ഗോപിയോടൊപ്പമോ അതിന് മുകളിലോ നില്‍ക്കുന്ന കഥാപാത്രമാണ് നിതയുടെ വിന്‍സി.

കേവലം രണ്ട് ചിത്രങ്ങളിലെ അനുഭവസമ്പത്ത് മാത്രം കൈമുതലായ നടിക്ക്, ഒരു സൂപ്പര്‍ താര ചിത്രത്തില്‍ ഇത്ര പ്രാധാന്യമുള്ള കഥാപാത്രം ലഭിക്കുന്നത് അപൂര്‍വമാണ്. ആ കഥാപാത്രത്തെ ഏറ്റവും പൂര്‍ണതയോടെ നിത അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലെ പഴയകാല പൊലീസ് സിനിമകളിലെ നായകന്മാരെ പോലെ ക്ഷുഭിതയായ, ധീരയായ, ഏത് പാതിരാത്രിയിലും കള്ളന്റെ പുറകെ ഓടുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് നിത പിള്ള അവതരിപ്പിച്ച വിന്‍സി. മലയാള സിനിമയില്‍ തന്നെ അത്തരം വനിതാ പൊലീസ് നായികമാരെ കണ്ടുകിട്ടാന്‍ പാടാണ്. പെണ്ണാണെന്ന നിലയില്‍ പുച്ഛിക്കുന്ന വില്ലന്റെ മുഖത്തൊന്ന് പൊട്ടിച്ചിട്ട് ‘ഒരു തോക്കെടുത്ത് പൊട്ടിച്ച് നിന്നെ തീര്‍ക്കാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല, അപ്പനെ പോലല്ല മോള്‍,’ എന്ന് പറയുന്ന രംഗമൊക്കെ കിടിലം കൊള്ളിക്കുന്നതാണ്.

അതുപോലെ സുരേഷ് ഗോപിയുമായുള്ള നിതയുടെ കെമിസ്ട്രി ഗംഭീരമായിരുന്നു. മാത്തനും മകളും തമ്മില്‍ ചിത്രത്തില്‍ അത്ര രസത്തിലല്ലെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും അപ്പന് മകളോടുള്ള സ്‌നേഹവുമെല്ലാം പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഇമോഷണല്‍ സീനുകളൊക്കെ പ്രേക്ഷകന്റെയും കണ്ണ് നിറക്കാന്‍ പോന്നതായിരുന്നു. മകളെത്ര വളര്‍ന്നാലും അവളോടുള്ള അപ്പന്റെ സ്‌നേഹം ഏറ്റവും മികച്ച രീതിയിലാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.

ഗോകുല്‍ അവതരിപ്പിച്ച മൈക്കിളാണ് സദാസമയവും മാത്തനൊപ്പം നിഴല്‍ പോലെ ഉണ്ടാകുന്നത്. മകനല്ലെങ്കിലും മകനെ പോലെയാണ് മാത്തന് മൈക്കിള്‍. ഏതാണ്ട് മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നിട്ടും മൈക്കിളും മാത്തനും തമ്മിലുള്ളതിനെക്കാളും കെമിസ്ട്രി മാത്തനും വിന്‍സിയും തമ്മിലുണ്ടായിരുന്നു. ചില സ്ഥലത്ത് മാത്തനും മൈക്കിളും എന്നതിലുപരി ഇത് സുരേഷ് ഗോപിയും ഗോകുലും തന്നെയല്ലേ എന്ന് തോന്നലുമുണ്ടായി.

എന്തായാലും പാപ്പനില്‍ ഏറ്റവും സ്‌കോര്‍ ചെയ്യുന്ന കഥാപാത്രമായിരിക്കുകയാണ് നിതാ പിള്ളയുടെ വിന്‍സി.

Content Highlight: Nitha Pillai’s Vincy is the highest scoring character in Pappan

We use cookies to give you the best possible experience. Learn more