ഒരൊറ്റ സ്വദേശിയുമില്ലാതെ 2,41,530 പ്രവാസികള്‍ തൊഴിലെടുക്കുന്ന 17,314 സ്ഥാപനങ്ങള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയവും സുരക്ഷാവകുപ്പും പുറത്തുവിട്ട പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 16,948 ഉം ചെറുകിട സ്ഥാപനങ്ങളാണ്. 786 എണ്ണം ഇടത്തരവും 29 എണ്ണം വലിയ കമ്പനികളുമാണ്. അതിന് പുറമെ നാമമാത്രമായി സ്വദേശിയെ നിയമിക്കുകയും അനുബന്ധനിയമങ്ങള്‍ പാലിക്കാത്തതിനാല്‍ പച്ചയില്‍നിന്നു അനിശ്ചിതത്വത്തിന്റെ “മഞ്ഞ”യിലത്തെുകയും ചെയ്ത സ്ഥാപനങ്ങള്‍ 19,637 എണ്ണമുണ്ട്.
ഹിജ്‌റ വര്‍ഷാരംഭത്തില്‍ ഒക്ടോബര്‍ 25 മുതല്‍ നിതാഖാത് പരിഷ്‌കരണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വദേശിവത്കരണത്തിനു വഴങ്ങി പച്ചയിലത്തെിയ സ്ഥാപനങ്ങളെ വീണ്ടും സ്വദേശികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇളം, സാദാ, കടും പച്ചകളായി തരം തിരിക്കുമെന്ന് തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി പ്രഖ്യാപിച്ചു. ഇതില്‍ സ്വദേശിവത്കരണത്തിന്റെ മിനിമം മാനദണ്ഡം മാത്രം പൂര്‍ത്തിയാക്കിയവര്‍ ഇളം പച്ചയില്‍ കുടുങ്ങും. ഈ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 25 മുതല്‍ പുതിയ വിസ അനുവദിക്കില്ല. മറ്റു സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഈ ഗണത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനുമാവില്ല. ഒരു സ്വദേശിക്കു മാത്രം നിയമനം നല്‍കി മിനിമം പച്ചയില്‍ നില്‍ക്കുന്ന ചെറുകിട മലയാളിസ്ഥാപനങ്ങള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കും. കൂടുതല്‍ സ്വദേശികളെ നിയമിച്ചാല്‍ മാത്രമേ ഇവര്‍ക്ക് സാദാ കടും പച്ചയായി മാറാനാകൂ.
നിതാഖാത് കര്‍ക്കശമാക്കാനുള്ള തീരുമാനം സൗദി പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.